Thursday, November 26, 2009

ഒറ്റമരത്തിനോട് ….

വിജനതീരത്തെ
ഒറ്റമരമേ…
നിന്റെ തണലില്‍
വിശ്രമിക്കട്ടെ

യാത്രക്കാരുടെ
വഴിയമ്പലമേ,
മണ്ണിന്റെ അഗാധതയിലും
വിണ്ണിന്റെ അനന്തതയിലും
നീ അന്വേഷിക്കുന്നതെന്ത്?

വിചാരങ്ങളും വികാരങ്ങളും
കണ്ണുനീരുമില്ലാതെ
മൌനിയായവനേ
ആത്മജ്ഞാനം നേടിയ
മഹാമുനിയാണ് നീ

ഏകാന്തതയുടെ കാവല്‍ക്കാരാ…
മണ്ണില്‍ നിന്നും വിണ്ണിലേക്കുയരുന്ന
നിത്യസത്യമേ..
നമിക്കുമീ ശിരസ്സില്‍
ഇലസ്പര്‍ശവും പൂക്കളും
വര്‍ഷിക്കുക.

നീ കണ്ടെത്തിയ -
മണ്ണിലെ ഊര്‍വ്വരതയും
ആകാശത്തിലെ ദിവ്യതേജസ്സും
എനിക്കായ് പകരുക.

Monday, July 13, 2009

“തല“ എണ്ണലും അദ്ധ്യാപകരുടെ അതിജീവനവും

അടുത്ത കാലത്ത് ചേരിപ്രദേശത്തേയും ആക്രിക്കാരുടെയും കുട്ടികളുടെ പഠനകാര്യത്തില്‍ സര്‍ക്കാര്‍ എയിഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് അതിയായ താല്പര്യം ഉണ്ടായിരിക്കുന്നു. അദ്ധ്യാപകര്‍ കൂടുതല്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരായി എന്നു ആരെങ്കിലും സംശയിക്കുന്നുണ്ടോ?

1995 നു ശേഷം എയിഡഡ് (പ്രൈവറ്റ് മാനേജ്മെന്റ്) സ്കൂളില്‍ നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ക്കു ഓരോ ക്ലാസ്സിലും നിശ്ചയിക്കപ്പെട്ട എണ്ണം കുട്ടികള്‍ ഇല്ലെങ്കില്‍ ജോലി സംരക്ഷണം ഇല്ല. അവര്‍ സര്‍വീസില്‍ നിന്നും പുറത്തുപോകേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത് .ഇംഗ്ലീഷ് ഭാഷ അദ്ധ്യാപകര്‍ക്ക് മാത്രമാണു ഇക്കാര്യത്തില്‍ സംരക്ഷണം ലഭിക്കുന്നത്. അപ്പോള്‍ സ്വന്തം നിലനില്പിനു വേണ്ടി അദ്ധ്യാപകര്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരെ ഓര്‍മ്മിക്കുക സ്വാഭാവികം മാത്രം. നാടോടികളുടേയും ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവരുടേയും കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുവാനും അതിന്റെ എല്ലാ ചിലവുകളും ഏറ്റെടുക്കുവാനും അദ്ധ്യാപകര്‍ തയ്യാറാ‍കുന്നു.

എന്തായാലും സമൂഹത്തിലെ പട്ടിണി പാവങ്ങളുടെ കുട്ടികള്‍ നല്ല വസ്ത്രം ധരിച്ചു വാഹനത്തില്‍
സ്കൂളില്‍ എത്തുക എന്നതു നല്ല സാമൂഹിക പരിണതി തന്നെ. 1959 ലെ കേരള വിദ്യാഭ്യാസ നിയമപ്രകാരം 45 കുട്ടികള്‍ക്ക് ഒരു ക്ലാസ്സു ഡിവിഷന്‍ അനുവദിക്കുന്നു.എന്നാല്‍ അന്ന് വീടുകളില്‍ കുട്ടികളുടെ എണ്ണം അഞ്ചില്‍ കൂടുതലാണ്.മാത്രമല്ല സ്ക്കൂളുകളുടെ എണ്ണം കുറവുമാണ്.ഇന്ന് ഒരു വീട്ടില്‍ ഒന്നോ രണ്ടൊ കുട്ടികള്‍ മാത്രം. സി.ബി.എസ്.ഇ സ്ക്കൂള്‍ അടക്കം ധാരാളം സ്കൂളുകള്‍ നാട്ടിലുണ്ട്.പക്ഷെ അദ്ധ്യാപകരുടെ തസ്തിക നിര്‍ണ്ണയിക്കുന്ന 1:45 അനുപാതം ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല.

അദ്ധ്യാപകരുടെ നിലനില്പിനായുള്ള സമരത്തിന്റെ ഭാഗമായി സമൂഹത്തില്‍ അസ്പൃശ്യരായ ജനവിഭാഗത്തിന്റെ ഇടയിലേക്കു അവര്‍ എത്തുകയും ബാല്യത്തില്‍ തന്നെ വേലക്കു വിട്ടിരുന്ന കുഞ്ഞുങ്ങളെ സ്കൂളുകളില്‍ എത്തിക്കുവാന്‍ ഏറെക്കുറെ സാധിക്കുകയും ചെയ്യുന്നു. അതിനായി വസ്ത്രം,പുസ്തകം,വാഹനം എന്നിവയുടെ ചിലവു അദ്ധ്യാപകര്‍ വഹിക്കുന്നു. നാടോടിയുടെ കുട്ടികള്‍ നാടോടിയായും. ആക്രിസാധങ്ങള്‍ പെറുക്കി ജീവിക്കുന്നവരുടെ കുട്ടികള്‍ അതേ ജോലിതന്നെ തുടര്‍ന്നു വരുന്ന ഈ സമൂഹത്തില്‍ പരോക്ഷമായെങ്കിലും അവരുടെ ഉന്നമനത്തിനു അദ്ധ്യാപകരുടെ ഇടപെടലുകള്‍ സഹായകമാകും എന്നു നമുക്ക് പ്രത്യാശിക്കാം.

Saturday, June 20, 2009

വികസനം കേരളത്തില്‍ ?

തക്കാളി 1കി 20രൂ
ഉള്ളി ,, 18
പയറ് ,, 20
കായ ,, 28
പഞ്ചസാര ,, 26
അരി ,, 20
പരിപ്പ് ,, 70
ചായ ,, 100


ഇലക്ഷന്‍,പുതിയ ഗവണ്മെന്റ് രൂപീകരണം,ജയ പരാജയ കാരണങ്ങളുടെ വിശകലനങ്ങള്‍, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടരിയും തമ്മിലുള്ള ഭിന്നതകള്‍,സാംസ്കാരിക നായകന്മാരുടെ വാചകമേളകള്‍,പണപെരുപ്പം-പണച്ചുരുക്കം എന്താണെന്നു നിര്‍വചിക്കാനാവാത്ത ധനകാര്യവിദഗ്ധരുടെ നിസ്സഹായത തുടങ്ങി ലഹരി പിടിപ്പിക്കുന്ന വാര്‍ത്തകളുമായി മാധ്യമങ്ങള്‍ നമ്മളെ സല്‍ക്കരിക്കുന്നു.അതിനിടയില്‍ ഒരു പ്രധാന വിഷയം വലിയ ശ്രദ്ധനേടാതെയും ഉണ്ടായിരുന്നു.നാട്ടിലെ ഒരു സാധാരണ പൌരന്റെ ദൈനംദിന ജീവിതവുമായി ബന്ധമുള്ള ഒരു വാര്‍ത്ത .ഭക് ഷ്യ സാധനങ്ങളുടെ വില നിലവാരത്തിന്റെ ഗ്രാഫ് കുത്തനെ മുകളിലേക്കു കയറുന്നു.

ജീവിക്കുന്നതിന് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം.വസ്ത്രം,പാര്‍പ്പിടം തുടങ്ങിയവ ആവശ്യം പോലെ ലഭ്യമായ ഒരു സമൂഹത്തിലാണു മുകളില്‍ പരാമര്‍ശിച്ച സംവാദങ്ങള്‍ക്കും,ദാര്‍ശനിക വിവാദങ്ങള്‍ക്കും പ്രാധാന്യവും അര്‍ത്ഥവും ഉണ്ടാകേണ്ടത്.എന്നാല് അവശ്യ ഭക് ഷ്യ വസ്തു വില സാധാരണക്കാരന് അപ്രാപ്യമായ ഒരു അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴും സര്‍ക്കാരും അധികാര വര്‍ഗ്ഗവും പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയേയും നിസ്സംഗതയേയും എന്തു വിളിക്കും?
ഈ സ്ഥിതി വിശേഷം സൃഷ്ടിച്ചതില്‍ കേരളം ഭരിച്ച ഒരോ സര്‍ക്കാരും ബാധ്യസ്ഥരാണ്.

പത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത് ഒരു വര്‍ഷത്തിനിടയില്‍ ഭക് ഷ്യ് ഉത്പാദന വിലയില്‍ 30% വില വര്‍ദ്ധനവ് ഉണ്ടായി എന്നതാണ്.കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അരിയുടെ വില 45% വര്‍ദ്ധ്നവു ഉണ്ടായി..പച്ചക്കറി പയറു വര്‍ഗ്ഗങ്ങളുടെ വിലയില്‍ ഉണ്ടായ ക്രമാതീതമായ വര്‍ധനവിനെ കുറിച്ച് കേന്ദ്ര സംസ്ഥാന ഭക്ഷ്യ മന്ത്രിമാര്‍ പഠനം തുടര്‍ന്നു കോണ്ടിരിക്കുന്നതായാണ് വാര്‍ത്ത

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനം മാത്രമായി മാറുകയാണ്.വിവാദങ്ങളും ജാടയും ദുരഭിമാനവും മാത്രം നമുക്കു സ്വന്തം.അരിക്ക് വേണ്ടി ആന്ധ്രയേയും പഞ്ചാബിനേയും പച്ചക്കറിക്കായി തമിഴ്നാടിനേയും തൊഴില്‍ കിട്ടുവാന്‍ മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും നമ്മള്‍ ആശ്രയിക്കുന്നു.

“ദൈവത്തിന്റെ നാട്“ ഒരിക്കലും “ദേവലോകം“ അകുന്നില്ല. കൃഷി ചെയ്യാതെ അരിയും പച്ചക്കറിയും ഉണ്ടാകില്ല.ഇവിടെ വരദാനത്തിനായി നന്ദിനി പശുക്കളും കല്പക വൃക്ഷങ്ങളും ഇല്ല. നമ്മുടെ ഊര്‍ജ്ജ സ്രോതസ്സു ഇന്നും മഴയെയും കാലാവസ്ഥയേയും ആശ്രയിക്കുന്ന പഴയ ഹൈഡല്‍ പ്രൊജക്റ്റുകള്‍ തന്നെ .മലയാളിയുടെ അതിരു കടന്ന സമൂഹ്യ പ്രതിബദ്ധത ആണവ തെര്‍മല്‍ പ്രൊജക്റ്റുകളെ നമ്മുടെ സംസ്ഥാനത്തില്‍ നിന്നും തുരത്തിയോടിച്ചു. കുറഞ്ഞ ചിലവില്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ കാര്‍ഷിക വ്യവസായ ഉത്പാദന സംരംഭങ്ങള്‍ വിജയിച്ചില്ല. ഊര്‍ജ്ജോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫലപ്രദമായ പ്രവര്‍ത്തങ്ങളും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യവസായ തൊഴില്‍ മേഖലകളും കേരളത്തില്‍ പരാജയപ്പെട്ടു.

കേരളത്തിനെ സ്വയം പര്യാപ്തമാക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയുന്നതില്‍ മാറി മാറി വന്ന എല്ലാ സര്‍ക്കാരുകളും പരാജയപ്പെട്ടു എന്നു തന്നെ പറയാം.ഈ ഉത്തരവാദിത്തത്തില്‍ നിന്നും അകന്നു കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ പരസ്പരം പഴിചാരുന്ന പരിഹാസ്യമായ അവസ്ഥയും ഉണ്ട്. ഇതു രണ്ടു രൂപക്ക് ബി.പി.എല്‍ വിഭാഗത്തിനു അരി കൊടുത്തു പരിഹരിക്കാവുന്ന ഒരു സമൂഹ്യപ്രശ്നം ആണോ ?

സ്വയം പര്യാപ്തത എന്നതു നേടുന്നതിനായി കാലോചിതവും പുരോഗമനപരവുമായ പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍ ദീര്ഘ വീക്ഷണവും ആത്മാര്‍ത്ഥതയും ഉള്ള നേതാക്കള്‍ നമുക്കില്ല എന്നതു സത്യം തന്നെ. നാടിന്റെ ക്ഷേമത്തിനായ് ഒന്നും പ്രവര്‍ത്തിക്കാതെ സംവാദങ്ങളും വിവാദങ്ങളും മാത്രമായാല്‍ വിദൂര ഭാവിയില് ദൈവത്തിന്റെ നാട്ടില്‍ സധാരണക്കാരന്റെ ജീവിതം അസാദ്ധ്യമാവുകയും ഇവിടെ നിന്നും പലായനം ചെയ്യേണ്ടതായും വരും.

Thursday, June 4, 2009

ബാഷ്പാഞ്ജലി

ജൂണ്‍ ഒന്നിനു രാവിലെ ഒമ്പത് മണിക്ക് സാഹിത്യ അക്കാദമിയില്‍ നീര്‍മാതളത്തിന്റെ കൂട്ടുകാരിയുടെ നിര്‍ജ്ജീവ ശരീരം ഒരു നോക്കു കാണുവാന്‍ കാത്തുനിന്നു.വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രം.വല്ലാത്ത നിരാശ തോന്നി.ഓഫീസില്‍ തിരക്കുള്ള സമയം.എന്നാലും എന്റെ പ്രിയപ്പെട്ട കഥാകാരിയെ ഒന്നു കാണുവാന്‍ തന്നെ തീരുമാനിച്ചു. മാധവിക്കുട്ടി എന്റെ ഹൃദയത്തിന്റെ അടുത്തു നിന്നു മന്ത്രിക്കുന്നു എന്ന തോന്നല്‍...വളരെ അടുപ്പമുള്ള ഒരാളുടെ വിയോഗം അല്ലെങ്കില്‍ അഭാവം സൃഷ്ടിക്കുന്ന ഒരു അരക്ഷിതാവസ്ഥ മനസ്സില്‍.ഒരു മണിക്കൂര്‍ കഴിഞ്ഞു.എന്നിട്ടും വാഹനം എത്തിയില്ല.അപ്പോഴേക്കും വന്‍ ജനാവലിയാല്‍ അക്കാഡമിയുടെ പരിസരം നിറഞു.പത്തുമണി കഴിഞ്ഞപ്പോള്‍ മൃതദേഹം വഹിച്ചു വാഹനം എത്തി.വാഹനത്തില്‍ നിന്നു മുറിയിലേക്കു ശീതീകരിച്ച ശവമഞ്ചത്തില്‍ എന്റെ പ്രിയപ്പെട്ട കഥാകാരിയെ കൊണ്ടുവന്നു.രാഷ്ട്രീയക്കാരും സാഹിത്യനായകന്മാരും കടന്നുപോയതിനു ശേഷം ഞങ്ങള്‍ക്കു കാണുവാന്‍ അവസരം വന്നു. താലത്തില്‍ നിന്നും ഒരു കൈകുടന്ന ചുവന്ന അരളിപ്പൂക്കള്‍ എടുത്തു .ശവമഞ്ചത്തില്‍ അര്‍പ്പിച്ചു. ആ മുഖത്തേക്കു ഒന്നു നോക്കി. സ്വപ്നങ്ങളുടെ ,പ്രണയത്തിന്റെ ,ഉന്മാദത്തിന്റെ,നിഷ്കളങ്കതയുടെ രാജകുമാരി ശീതീകരിച്ച ശവമഞ്ചത്തില്‍ ഉറങ്ങുകയാണ്. എന്റെ മനസ്സില്‍ മാധവിക്കുട്ടിയുടെ ചേതോഹരമായ വാക്കുകള്‍.ഇനി... ഇങ്ങനെ പറയുവാന്‍ മലയാളത്തില്‍ ഒരു സ്ത്രീ ഇല്ലെന്ന സത്യം .
“എനിക്കു വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും.എന്റെ ഭാഷക്കു മനുഷ്യഭാഷയോടു യാതൊരു സാദൃശ്യവും ഉണ്ടാകില്ല.ഞാന്‍ സുഗന്ധവാഹിയായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരും വിരിച്ചു ആ ശയ്യയില്‍ കിടക്കും....“
അതെ .യാഥാര്‍ത്ഥ്യത്തിന്റേയും ഭാവനയുടേയും അതിരുകള്‍ വേര്‍പിരിക്കാനാവാത്ത ആ ചിന്തകളുടെ ലോകത്തു അവര്‍ സുന്ദരിയായ ഒരു രാജ്ഞിയെ പോലെ ......ആദരാഞ്ജലികള്‍

Monday, May 4, 2009

ചില നാടന്‍ കാഴ്ചകള്‍

എന്നും ഇതു വഴി ഓഫീസിലേക്ക് ബസ് യാത്ര ചെയ്യുന്നതാണെങ്കിലും വഴിയിലെ കാഴ്ചകള്‍ കണ്ടു യാത്രചെയുമ്പോള്‍ മടുപ്പ് തോന്നാറില്ല. പലയിടത്തും റോഡ് നിര്‍മ്മാണം ,ടാറിടല്‍ ,ഡ്രെയ്നേജ് എല്ലാം പുരോഗമിക്കുന്നു.നമ്മുടെ നാട് വികസിക്കുകയാണ്.ഒരു പത്തു വര്‍ഷം മുന്‍പു ഉണ്ടായിരുന്ന റോഡുകളുടെ അവസ്ഥയല്ല ഇപ്പോള്‍. രാജപാതകളും ഹൈവേകളും നാടിന്റെ സിരകളാണെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കി കഴിഞ്ഞു. രണ്ടുവരി പാതകള്‍
നാലുവരിയും ആറുവരിയും ആയി മാറുവാന്‍ തയ്യാറാകുന്നു.സബ് വേ,ഫ്ലൈ ഓവര്‍ എല്ലാം
നിര്‍മ്മിച്ച് യാത്ര കൂടുതല്‍ സുഗമമാക്കുന്നു. വളരെ ആശാവഹമായ മാറ്റങ്ങളാണു ഇതെല്ലാം.

എന്റെ അടുത്ത സീറ്റില്‍ ഒരു അമ്മയും അച്ഛനും കുട്ടികളും. കുട്ടികള്‍ ബിസ്കറ്റ് പഴം തുടങ്ങി എന്തോ കഴിക്കുന്നു കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ ആ കവറുകളും മിനറല്‍ വാട്ടര്‍
വാങ്ങിയ ഒഴിഞ്ഞ കുപ്പിയും എല്ലാം ബസിന്റെ ജനലിലൂടെ നിരത്തിലേക്കു എറിഞ്ഞു.

മലയാളിയുടെ സാമൂഹ്യ ശുചിത്വബോധത്തിന്റെ ഒരു ദൃശ്യം മാത്രമാണിത്.

കോര്‍പറേഷന്‍ അധികൃതര്‍ നിയോഗിച്ചവര്‍ നഗരം രാവിലെ ശുചിയാക്കുമെങ്കിലും നഗരവും നിരത്തും ശുചിയോടെ പരിപാലിക്കുക നാട്ടുകാരുടെ കൂടി ബാധ്യതയായി ആരും
കരുതുന്നീല്ല.ഭക്ഷണപ്പൊതി,പഴത്തൊലി തുടങ്ങി എന്തു മാലിന്യവും നിരത്തില്‍ നിക്ഷേപിക്കുവാന്‍ പലര്‍ക്കും മടിയില്ല.

എന്റെ ബസ് ഒരു പാലത്തിനു സമീപം എത്തി.താഴെ സാമാന്യം വെള്ളം ഒഴുകീയിരുന്ന
ഒരു തോട്.എന്നാല്‍ ഇപ്പോള്‍ അതിന്റെ ഇരു കരയിലും നീരൊഴുക്കിനെ തടസ്സപ്പെടുത്തി നിറയെ മാലിന്യകെട്ടുകള്‍ നിഷേപിച്ചിട്ടുണ്ട്.ഇനി ഒഴുക്കു നഷ്ടപ്പെട്ട് വെള്ളം കൊതുകിനും മറ്റു രോഗകാരികള്‍ക്കും താവളമാകുന്നു.

ഗാര്‍ഹികമാലിന്യങ്ങള്‍ കവറിലാക്കി വഴിയരികിലും നീര്ച്ചാലുകളിലും എറിഞ്ഞു സമാധാനമായി പോകുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ നാട്ടിലുണ്ട്. തുറസ്സായ സ്ഥലങ്ങളെല്ലാം
താമസസ്ഥലമായി മാറ്റിയ മലയാളിക്ക് സ്വന്തം മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്കു ഹാനികരമാകാത്തരീതിയില്‍ പുറംതള്ളണമെന്ന അവബോധം ഇന്നും ഉണ്ടായിട്ടില്ല.

വെറുതെ പുറത്തേക്കു നൊക്കിയിരുന്നു….അപ്പോഴാണ് മറ്റൊരു അരോചകമായ കാഴ്ച.
നമ്മുടെ ചില പുരുഷപ്രജകള്‍ നിരത്തുകളുടെ ഓരത്തു മൂത്രവിസ്ര്ജ്ജനം നടത്തുന്നു.ഇതവരുടെ അവകാശം പോലെ….. .അടുത്തു കൂടി കുറച്ചു വിദ്യാര്‍ത്ഥികള്‍ ഈ കാഴ്ചകളെല്ലാം അവഗണിച്ചു നടന്നു പോകുന്നു. ഇതൊരു പതിവു കാഴ്ചയാകുമ്പോള്‍..
നമുക്ക് അതൊരു പ്രശ്നമല്ലാതാകുന്നു.അതു മാത്രമോ? പൊതുനിരത്തില്‍ തുപ്പുവാനും മൂക്കുചീറ്റുവാനും പുരുഷന്മാര്‍ക്കു യാതൊരു മടിയുമില്ല.ഇക്കാര്യത്തില്‍ സ്ത്രീകള്‍ കുറച്ചുകൂടി അന്തസ്സു കാണിക്കുന്നു.

അപ്പോഴാണ് ഒരു സംഭവം ഓര്‍ത്തത്.കലാമണ്ഡലത്തിളെക്കുള്ള ബസ് കാത്ത് ഒരു സായ്പും മദാമയും ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു.അവര്‍ അടുത്ത ഷോപ്പില്‍ നിന്നും കുറച്ച് ഓറഞ്ചും വെള്ളവും വാങ്ങികഴിച്ചതിനു ശേഷം തൊലിയും കുപ്പിയും കളയുവാനായി അടുത്ത് നിന്ന ആളിനോട് “where is the dust bin ?”അടുത്തുനിന്ന നാട്ടുകാരന്‍ മാത്രമല്ല മറ്റുള്ളവര്‍ക്കും അതിനു
ഉത്തരമില്ലായിരുന്നു.

അതെ മലയാളിയുടെ സാമൂഹ്യശുചിത്വബോധം ഇനിയും മെച്ചപ്പെടേണ്ടതാണ്.
ദൈവത്തിന്റെ സ്വന്തം നാടിനു ശുചിയായ് കിടക്കുന്ന തെരുവുകളും നിരത്തുകളും ആവശ്യമാണ്. നാട്ടുകാരുടെ സഹകരണമില്ലാതെ ഇത്തരം ശുചിത്ത്വം നിലനിര്‍ത്തുക സാധ്യമല്ല .
പല വിദേശരാജ്യങ്ങളിലെയും നിരത്തുകള് മലയാളിയെ ആകര്‍ഷിക്കാറുണ്ട്.നഗരാസൂത്രണമെന്നതില്‍ നിര്‍മ്മാണം മാത്രമല്ല ശുചിത്വപരിപാലനവും ഉള്‍പ്പെടുത്തേണ്ടതാണ്.


ആവശ്യത്തിനു കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഉണ്ടാക്കുകയും ധാരാളം വേസ്റ്റ് ബിന്‍ നിരത്തുകളിലും
ബസ് സ്റ്റാന്‍ഡിലും സ്ഥാപിക്കേണ്ടതാണ്.പിന്നെ വഴിയരുകില്‍ മൂ‍ത്രവിസര്‍ജ്ജനം, തുപ്പല്‍, മാലിന്യ നിക്ഷേപം തുടങ്ങീ വൃത്തികേടുകള്‍ ചെയ്യുന്നവരെ നിരീ‍ക്ഷിക്കുവാനും പിടികൂടുവാനും പോലിസ് പ്രത്യേകം ആളുകളെ നിയോഗിക്കണം. എന്നാല്‍ മാത്രമേ നാടും
നിരത്തും വൃത്തിയായി പരിരക്ഷിക്കാനാകൂ

എനിക്കു ഇറങ്ങുവാനുള്ള സ്റ്റോപ് എത്തി . ഇനി ഓഫീസിലേക്ക്.

Saturday, April 11, 2009

കാത്തിരിപ്പ്

ശീതീകരിച്ച ശവമഞ്ചം
എനിക്കിഷ്ടമായി
ജീവിതത്തിന്റെ കനല് യാത്ര
കഴിഞ്ഞു വിശ്രമിക്കാം

പുഷ്പചക്രങ്ങള്‍ മൂടിയ
ശവമഞ്ചം
മണിയറയെക്കാള്‍
മനോഹരം

സ്വപ്നങ്ങള്‍ തന്‍
കുങ്കുമച്ചെപ്പ്
താഴെവീണു
സ്വപ്നങ്ങളെല്ലാം
ചിതറികിടക്കുന്നു
ചുറ്റിലും

പുതുമണം മാറാത്ത
കല്യാണപുടവയാല്‍
എന്‍ ശവക്കച്ചയെത്ര
സുന്ദരം

കാത്തിരിക്കുന്നു,
മോക്ഷത്തിന്‍ സ്പര്‍ശത്തിനായ്
വരനെക്കാത്തിരിക്കും
നവോഢതന്‍
ഹൃദയത്തുടിപ്പോടെ

ശീതീകരിച്ച ശവമഞ്ചം
എത്ര സുഖപ്രദം……

Tuesday, March 10, 2009

സര്‍പ്പക്കാവ്....അനുഷ്ഠാനങ്ങളും പാരിസ്ഥിക പ്രസക്തിയും


ഒരു സര്‍പ്പക്കാവില് ആരാധന-അനുഷ്ഠാനത്തിന്റെ ഭാഗമായ നാഗകളത്തിന്റെ ചിത്രങ്ങാണ് ഈ പോസ്റ്റില്‍ ഉള്ളത്.സര്‍പ്പപ്രീതിക്കു വേണ്ടി പാമ്പിന്‍ കളം അല്ലെങ്കില്‍ സര്‍പ്പകളം നടത്തുന്നു.

പുള്ളുവരാണു ആചാര്യന്മാര്‍.ത്രിസന്ധ്യയോടെ കുരുത്തോലയും ചുവന്ന പട്ടും വിതാനിച്ച
പന്തലില്‍ ഗണപതി പുജ നടത്തി കളമെഴുത്തു ആരംഭിക്കും.അരിപ്പൊടി, മഞ്ഞള്‍ പൊടി, കരി തുടങ്ങിയ സസ്യജന്യ വസ്തുക്കളാണു കളമെഴുത്തിനു ഉപയോഗിക്കുന്നതു.അടിഭാഗം നീളത്തില്‍ കീറിയ ചിരട്ടയില്‍ പൊടികള് നിറച്ചാണു കളമെഴുത്ത്.ചുറ്റിപിണഞ രണ്ടു സര്‍പ്പങ്ങളേയാണു സാധാരണ ചിത്രീകരിക്കാറുള്ളതു.സര്‍പ്പങ്ങളുടെ ഉടല്‍ ആദ്യവും വാല് അവസാനവും ആണു എഴുതുകപുള്ളുവന്‍പാട്ടിന്റെ ഈണം ഇഷ്ടമുള്ളവര്‍ ഇപ്പോഴുമുണ്ട്.നാവേറു പാട്ടിന്റെ നിഷ്കളങ്കത ഓര്‍ക്കാംപൂര്‍ത്തിയാക്കിയ കളം താലത്തിന്റേയും വിളക്കിന്റേയും പ്രഭയില്‍...
താഴെ കത്തുന്ന പന്തവുമായി പുള്ളുവന്റെ“ പന്തമുഴിച്ചില്‍ “എന്ന ചടങ്ങിന്റെ ദൃശ്യം
തറവാട്ടിലെ രണ്ടു സ്ത്രീകള്‍ കയ്യില്‍ ഒരു പൂക്കൂലയൊടുകൂടി കളത്തിനു അടുത്ത് ഇരിക്കുന്നുപുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തി പാടാന്‍ തുടങുന്നു

പാട്ടിന്റെ
താളത്തിനൊത്തു സ്ത്രീകള്‍ തുള്ളുന്നു തലമുടി ചുറ്റി പൂക്കുല ചുഴറ്റി നാഗങ്ങള്‍ പോലെ കളം മായ്ക്കുന്നു പിന്നിടു കാവില്‍ ചെന്നു നമസ്കരിന്നുന്നു.ഈ ആചാരങ്ങളില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ആകാം.പുള്ളുവന്‍ പാട്ടിനൊപ്പം ആടിവരുന്ന നാഗകന്യകമാരെന്നു വിശേഷിപ്പിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ പറ്റിയില്ല.പക്ഷെ ഇതില്‍ സമ്മേളിച്ചിരിക്കുന്ന കലയും സംഗീതവും തന്ന പകരുന്ന ദിവ്യാനുഭവം മറക്കാനാവില്ല.സര്‍പ്പകാവുകളുടെ
പാരിസ്ഥിക പ്രാധാന്യം കൂടുതല്‍ വ്യക്തമാകുന്ന കാലത്തിലാണു നാമിപ്പോള്‍ ജീവിക്കുന്നത്

സര്‍പ്പകാവുകള്‍ ഇല്ലാത്ത പുരാതന ഹൈന്ദവ തറവാടുകള്‍ വിരളമായിരുന്നു.ഇത്തരം കാവുകള്‍ ആചാര അനുഷ്ഠാനത്തിന്റെ ഭാഗം എന്ന നിലയില്‍ മാത്രമല്ല ജീവികളേയും
വൃക്ഷങ്ങളേയും ഒരു ആവസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളായി സംരക്ഷിച്ചു
നിലനിര്‍ത്താന്‍ സഹായകമയിരുന്നു എന്ന വസ്തുത മറക്കാനാവില്ല.പാമ്പിന്‍ കാവുകള്‍
സ്ഥിതി ചെയുന്ന പറമ്പുകളും അടുത്ത സ്ഥലങ്ങളും വില്‍ക്കുവാനും വാങ്ങുവാനും ആരും
തയ്യാറായിരുന്നില്ല.എന്നാല്‍ ഇപ്പോള് വ്യപകമായി ഇത്തരം കാവുകളിലെ മരങ്ങള്‍ മുറിച്ചുമാറ്റി സ്ഥലം കൈമാറ്റം ചെയുന്നു.
ഇത്തരം കാവുകള്‍ ഒരോ ഗ്രാമത്തെയും ജൈവിക സമ്പത്ത് എന്ന് നിലയില്‍ സംരക്ഷിക്കേണ്ടതാണു. ഏഴിലം പാല വിവിധതരം ആല്മരങ്ങള്.തുടങ്ങി വര്‍ഷങ്ങള്‍ പഴക്കമുള്ള വൃക്ഷങ്ങള്‍ ഇത്തരം കാവുകളില്‍ കാണാം.ഇത്തരം മരങ്ങളില്‍ അവയുമായി ബന്ധപ്പെട്ട് വിവിധതരം ജീവികള് ‍,പക്ഷികള്‍,പാമ്പുകള്‍ എന്നിവ ജീവിച്ചിരുന്നു. പ്രകൃതിയുടെ തനതായ പരിസ്ഥിതി തുലനപ്പെടുത്തുന്നതില്‍ കാവുകള്‍ പ്രധാന പങ്കു വഹിച്ചിരുന്നു.
ഇപ്പൊള്‍ ഈ കൊടും വേനലില് കേരളം വെന്തു ഉരുകുമ്പോള്‍ ഇത്തരം കാവുകള്‍ നമ്മുടെ മനസ്സിനും ശരീരത്തിനും പകര്‍ന്നിരുന്ന കുളിര്‍മ മറക്കാനാവില്ല.ആവാസവ്യവസ്ഥയില്‍ നമ്മള്‍ വരുത്തിയ മാറ്റങ്ങളുടെ പരോക്ഷ പ്രതിഭലനം അനുഭവിക്കുക തന്നെ