Tuesday, December 16, 2008

ചതുര്‍ഗകാര വിചാരയജ്ഞവും പരിസ്ഥിതി സംരക്ഷണവും

“ഗീതയും ഗംഗയും ഗായത്രിയും ഗോവിന്ദനും മനസ്സില്‍ സ്ഥിതിചെയ്താല്‍ പുനര്‍ജന്മം ഉണ്ടാകുന്നില്ല.”
നമുക്കു പുനര്‍ജന്മം ആഗ്രഹിക്കുകയോ സിധിക്കുകയോ എന്തുമാകട്ടെ,മനുഷ്യമനസ്സിന്റെ ശുധീകരണയാത്രയില്‍ മഹാനദികളുടെ പുണ്യം വീണ്ടെടുക്കുവാന്‍ ഒരു ആത്മീയാചാര്യന്റെ പരിശ്രമങളെ അവഗണിക്കാനാവില്ല.
കേരളത്തിലെ നദികളിലേക്കു ഗംഗാ പ്രഭാവം ആവാഹിക്കുന്നതിനായി യജ്ഞാചാര്യന്‍ ശ്രീ സന്ദീപ് ചയ്തന്യ ഒക്റ്റോബര്‍9 മുതല്‍ ഡിസംബര്‍ 13 വരെ കേരളത്തില്‍ എല്ലാ ജില്ലാകേന്ദ്രങളിലും നടത്തിയ യജ്ഞം ആത്മീയപുണ്യം അന്വേഷിച്ചു മാത്രമല്ല .അതിനുമപ്പുറം അതിനു ചാരുതയേകുന്നതു പരിസ്ഥിതിവാദികളും പരിഷത്തും ഇടപെട്ടിരുന്ന പരിസ്ഥിതി രംഗത്തേക്കു ആത്മീയതലത്തിലെ യാത്രയായി എന്നതാകുന്നു.
“ ഈശ്വരന്‍ പ്രക്ര്തി തന്നെയാണു“ എന്ന സത്യത്തെ ഉയര്‍ത്തിപിടിച്ചുളള ഗംഗായാത്ര ഡിസംബര്‍ 28 നു ആരംഭിക്കുന്നു.നദികളില്‍ അവശേഷിക്കുന്ന പുണ്യം കണ്ടുപിടിക്കുന്നതോടൊപ്പം അവക്കു വിശുധിയുടെ ആത്മീയതലം മാത്രമല്ല ശുധിയുടെ പാരിസ്ഥിക സാഫല്യവും യജ്ഞപ്രസാദമായി ലഭിക്കട്ടെ.

Tuesday, December 9, 2008

സ്വാതന്ത്ര്യം ചില സൂചനകൾ

അവൻ ചോദിച്ചു "ഭക്ഷണം, വസ്ത്രം, തമസിക്കാൻ ഇടം, രതി എല്ലാം തന്നിട്ടും ഇനിയെന്തു നീ ആവശ്യപ്പെടുന്നു?"

"എനിക്കെല്ലാം അനുവദിച്ചു തരുവാൻ നിന്നെയാരാണു ചുമതലപ്പെടുതിയത്?"

"എനിക്കെന്നെ തിരിച്ചുകിട്ടണം"

"എന്തിന്?"

"എനിക്കു ദൂരെ എവിടെയെങ്കിലും പോകണം, അവിടെ രാത്രിയിൽ പോലും തനിച്ചു യാത്ര ചെയ്യാം, പിന്നെ, നിലാവുള്ള രാത്രിയിൽ കടൽക്കരയിൽ നക്ഷത്രങൾ നോക്കി കിടക്കണം. വഴിയോരത്തു പാമ്പാട്ടികൾ മകുടിയൂതുമ്പോള്‍ പാമ്പുകള്‍ നൃത്തം ചെയ്യുന്നതു കണ്ടു കാഴ്ചക്കാരിൽ ഒരാൾ ആകണം. രാത്രി വണ്ടിയിൽ സംഞ്ചരിചു തനിയെ വീട്ടിലെത്തണം. നിനക്കു മാത്രം അവകാശപ്പെട്ട പുറം ലോകം എനിക്ക് അറിയണം."

" നീ പറയുന്നതു എനിക്കു മാത്രമല്ല ഈ നാട്ടിൽ ആർക്കും മനസ്സിലാവില്ല"

"എനിക്കു പോകണം സമത്വസുന്ദരമായ ലോകത്തേക്ക്. മുൻപേ പറക്കുന്ന പക്ഷികള്‍ ചിലപ്പോള്‍ കൂടണയാറില്ല, ചിലതു വഴി തെറ്റി പറക്കും, അപൂർവം ചാവേറുകൾ ആകും, എനിക്കു ഒരു രക്തസാക്ഷിയാകാനെ കഴിയൂ".

അടുത്ത നാൾ

"എങ്ങിനെയായിരുന്നു മരണം?"

"താലിച്ചരടു കഴുത്തിൽ ചുറ്റി. ശ്വാസം കിട്ടാതെ അതൊ പുകക്കുഴലിൽ തൂങ്ങിയോ?"

Friday, November 14, 2008

മാനസിക ഭിഷഗ്വരനോട്

നിങ്ങൾ,
എനിക്കജ്ഞാതമാം ലിപികളിലാരോ
കുറിച്ചൊരാ ജനിതകരേഖ തൻ
കഥകളാടുമവൻ തൻ സിരകളിൽ
സ്നേഹത്തിൻ ചുവപ്പും
ഹൃദയത്തിന്നറകളിൽ കാരുണ്യം
വർഷവും വന്യവാസനകൾക്കേറെ
ശാന്തിമന്ത്രം ജപിച്ചു, എന്നുമീ
കലാപ കാഹളം മുഴങ്ങുമീ ഭുമിയിൽ
ഒരിറ്റു ഗംഗതൻ നീർ തെളിച്ചു

നിങ്ങൾ,
അലറുന്ന കടലിനെ സ്നേഹിക്കൂ
മരയനോ, ഉന്മാദമാടും മനസ്സിന്‍
അലകളെ ശമിപ്പിക്കുമരചനോ?
കൊണ്ടുപോയി നീയെന്നെ
യൊരു മോഹനിദ്രതൻ തീരത്തു
വിരല്പിടിചു നടന്നു ഞാൻ
പട്ടുപവാടയും ചാന്ദു പൊട്ടുമായി
കണ്ടുവോ നീയെൻ സ്വപ്നസൌഗന്ധികങ്ങള്‍
എരിഞ്ഞു തീർന്നൊരു തീരം
ചുട്ടു പൊളളുന്നു അന്നു നീ
"യെൻ നെറുകയിൽ കണ്ണീർകിരീടമായി
തന്നൊരു മുത്തവും"

ദ്രവ്യങ്ങളുടെ കെട്ടുകാഴ്ചകൾക്കപ്പുറം
ആസുരഭാവങളെ മനുഷ്യനാക്കുവാൻ
നിലനിൽക്കുക എന്നും
നിലനിൽക്കുക

Sunday, November 9, 2008

ചുമര്‍ ദൈവം

കുട്ടിക്കാലത്ത് അമ്മയെന്നെ
ചുമരിന്നരുകിൽ കിടത്തി ഉറക്കുമായിരുന്നു
അങ്ങിനെ ചുമരിനെ ഞാൻ സ്നേഹിക്കാൻ തുടങ്ങി
വെളളപൂശിയ ചുമർ എന്റെ അമ്മയായി

പിന്നെ
ഞാൻ പ്രണയിക്കുന്ന കാലം
ചുമരിൽ കവിൾചേർത്തു ഞാനുറങ്ങി
ഞാൻ ചുമരിന്റെ പ്രണയിനിയായി

വിവാഹത്തിനു ശേഷം
ചുമരിനും ഭർത്താവിനും
ഇടയിൽ ഞാൻ

പിന്നെ നാളുകൾക്കു േശഷം
ഞാനും ചുമരും മാത്രം
ചുമരെന്നെ നെഞ്ചിൽ ചേർത്തു
തണുത്ത സ്പർശം എന്നെയുറക്കി
ചുമരിന്റെ അജീവ സാന്നിധ്യം
എനിക്കു അഭയമായി
സാന്ത്വനമായി, ദൈവമായി

എനിക്കു ചുറ്റും ചുമരുകൾ
മുകളിൾ ആകാശത്തിന്റെ
ഒരു തുണ്ടിൽ നക്ഷത്രങ്ങള്‍
കണ്ടു ഉറങ്ങട്ടെ