Saturday, February 28, 2009

സ്നേഹം പകര്‍ന്ന “പനിസ്പര്‍ശങ്ങള്‍“

“പനി ഒരു രോഗമല്ല, രോഗ ലക്ഷണം മാത്രം “ എന്നു കേട്ടിട്ടുണ്ട്.
ഒരിക്കലെങ്കിലും പനി വന്നെങ്കില്‍..എന്നു കൊതിക്കാത്തവരുണ്ടോ?ഉത്കടമായ ദാര്‍ശനിക വ്യഥകളില്‍ നിന്നും തിരക്കുപിടിച്ച ജീവിതാവസ്ഥകളില്‍ നിന്നും ഓടിയൊളിച്ചു സ്നേഹസ്പര്‍ശത്തിന്റെ സുഖശീതളിമയില്‍ കിടന്നുമയങ്ങാന്‍ കൊതിക്കുന്ന മനസ്സിലേക്കു കുട്ടികാലത്തെ മഴക്കാലവും അതു സമ്മാനിക്കാറുള്ള പനിയുടെ ആര്‍ദ്ര സ്മരണകളും പെയ്തു നിറയുന്നു.

പനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടു. സ്കൂളില്‍ നിന്നും വരുമ്പോള്‍ കുട മടക്കി മഴയില്‍ നടന്നിരുന്നത് നനയുന്നതിനു മാത്രമല്ല അകമ്പടിയായി പനി പ്രതീക്ഷിച്ചു കൊണ്ടുമാണ്.
പനി വന്നാല്‍ ഒരാഴ്ച്ച് സ്ക്കൂളില്‍ പോകേണ്ട
പുതച്ചു കിടക്കാം.പുറത്തു മഴയുടെ ശബ്ദം കേട്ട് ഉറങ്ങാം
അച്ഛനും അമ്മയും ജോലിക്കു പോകും വീട്ടില്‍( അച്ഛന്റെ അമ്മ) അച്ഛമ്മയാണ് പരിചരണം.
പനിയുള്ളവരെ പുതപ്പിച്ചു കിടത്തും പിന്നെ നെറ്റിയില്‍ നനവുള്ള തുണി ഇട്ടുതരും
പൊടിയരി കഞ്ഞി മാത്രമേ തരൂ ഇഷ്ടമില്ലെങ്കിലും അതു കുടിക്കണം അതിന്ന്റെ കൂടെ പനിക്കു സ്പെഷല്‍ ചമ്മന്തിയും. ചൂട്ട മൂളകും പുളിയും ഉപ്പും ചേര്‍ത്തു അച്ഛമ്മയുടെ ചമ്മന്തി………. അച്ഛമ്മ മരിച്ചിട്ടു വര്‍ഷങ്ങളായി.ട്ടും ആ ചമ്മന്തിയുടെ രുചി മനസ്സില്‍ നിന്നും നാവില്‍ നിന്നും മായുന്നില്ല.
ശരീരം ചുട്ടു പൊള്ളുമ്പോഴും മനസ്സില്‍ കുളിരായി പനി നമ്മളെ സാന്ത്വനിപ്പിക്കും.
പുതപ്പിനിടയിലൂടെ കഴുത്തില്‍, നെറ്റിയില്‍ വൃദ്ധസ്പര്‍ശം……
“പനി കൂടീയോ? വിയര്‍ത്തോ?”

പരീക്ഷാ പനി ,പേടി പനി, മടിയന്‍ പനി അങ്ങനെ പല പേരുകളും എന്റെ പനിയെ കളിയാക്കാറുണ്ടായിരുന്നു,സ്നേഹം ,പരിചരണം എന്നിവക്കു വേണ്ടിയുള്ള മനസ്സിന്റെ ഉള്‍വിളികളാണു പനിയായി മാറുന്നതെന്നു തോന്നിയിരുന്നു.

സ്കൂളിലെ കൂട്ടുകാരില്‍ നിന്നും കിട്ടിയ ഡ്രാക്കുളയൂടെ മലയാളം പതിപ്പ്…..അതു ഞാന്‍ ഒറ്റവായനയില്‍ അവസാനിപ്പിച്ചു. വായിക്കുമ്പൊള് പ്രത്യേകിച്ചു പേടിയൊന്നും തോന്നിയില്ല.ഇത്ര പേടിക്കാന്‍ ഒന്നും ഇല്ലല്ലൊ എന്നതായിരുന്നു ചിന്ത.എന്നാല്‍ ഇരുട്ടുവാന്‍ തുടങ്ങിയതോടെ എന്തോ ഭയം എന്നെ സംശയാലുവും പരിഭ്രാന്തയുമാക്കുവാന്‍ തുടങ്ങി.
അവിടെ…..ഇരുട്ടില്‍.. ചെടികള്‍ക്കു പിന്നില്‍….. മുറിയില്‍…..ഡ്രാക്കുള പ്രഭു നില്‍കുന്നു.ഞാന്‍ കഴുത്തില്‍ സ്പര്‍ശിച്ചു. …ഡ്രാക്കുളയുടെ ദംശനമേറ്റാല്‍…..
ഡ്രാക്കുള പ്രഭു സ്നേഹത്തോടെ എന്നെ വിളിക്കുന്നു……പുസ്തകത്തിലെ വരികള്‍ ദൃശ്യങ്ങളായി……..അന്നു രാത്രി പേടിച്ചു പനിച്ചു വിറച്ചു
അതോടു കൂടി ഡ്രാക്കുളയും ഹൊറര്‍ വായനയും അവസാനിച്ചു

പനിയെ ആവാഹിച്ചു വരുത്തുവാന്‍ കഴിവുള്ള് ഒരു സുഹൃത്തുണ്ടായിരുന്നു.അവനു മഴയും മഞ്ഞും ഒന്നും വേണ്ട. പനി വരണമെന്നു ആഗ്രഹിച്ചാല്‍ മതി.വൈകുന്നേരത്തേക്കു പനി എത്തും.അതിന്റെ രഹസ്യം ഇപ്പൊഴും പിടികിട്ടിയിട്ടില്ല.

കൌമാരത്തില്‍ തീനാളം പോലെ മനസ്സിനെ പൊള്ളിച്ച പ്രണയപനിയും മറക്കാനാവില്ല
പിന്നീട് പനിയുടെ കാല്പനിക ഭാവങ്ങളെല്ലാം നഷ്ടപ്പെട്ടതായി തോന്നുന്നു.
“പാരസറ്റമോള്‍“ കഴിച്ചു നെറ്റിയില്‍‍ അമൃതാഞ്ജന്‍ അല്ലെങ്കില്‍ വിക്സ് തരുന്ന പരിലാളനത്തില്‍ ജീവിതത്തിന്റെ തിരക്കിലേക്കു പനിയെ മറന്നു യാത്രചെയ്യും.

അടുത്ത കാലത്ത് നമ്മുടെ നാട്ടില്‍ പനി വീണ്ടും സജീവമായി.പുതിയ പേരുകളില്‍ പുതിയ ലഷണങ്ങളുമായി വിചിത്രമായ പനി ….മരുന്നു കഴിച്ചാല്‍ ഏഴു ദിവസം അല്ലെങ്കില്‍ ഒരാഴ്ച്ചയില്‍ സുഖപ്പെടുമെന്നു കരുതീയിരുന്ന ആസ്വാദ്യമായ പനിയുടെ കരസ്പര്‍ശത്തിനു പകരം പ്രേതാഭിഷിതയായ സംഹാരരൂപിണിയായി പനി വേഷപകര്‍ന്നു…

ചിക്കുന്‍ ഗുനിയ….ഡെങ്കു …എലിപ്പനി……ജപ്പാന്‍ ജ്വരം…

നാട്ടില്‍ ആരോഗ്യ-രാഷ്ട്രീയ സാമൂഹ്യരംഗം പിടിച്ചു കുലുക്കിയ പനിയുടെ രൌദ്രഭാവം……..
ഇനിയൊരിക്കലും ആരും പനി എന്നതിനെ സ്നേഹിക്കുകയോ ആഗ്രഹിക്കുകയോ ഇല്ല .കാലത്തിനു അനുസരിച്ചു പനിയുടെ ഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായതു ഞാനും മനസ്സിലാക്കുന്നു

20 comments:

ജ്വാല said...

ഒരിക്കലെങ്കിലും പനി വന്നെങ്കില്‍..എന്നു കൊതിക്കാത്തവരുണ്ടോ?ഉത്കടമായ ദാര്‍ശനിക വ്യഥകളില്‍ നിന്നും തിരക്കുപിടിച്ച ജീവിതാവസ്ഥകളില്‍ നിന്നും ഓടിയൊളിച്ചു സ്നേഹസ്പര്‍ശത്തിന്റെ സുഖശീതളിമയില്‍ കിടന്നുമയങ്ങാന്‍ കൊതിക്കുന്ന മനസ്സിലേക്കു കുട്ടികാലത്തെ മഴക്കാലവും അതു സമ്മാനിക്കാറുള്ള പനിയുടെ ആര്‍ദ്ര സ്മരണകളും പെയ്തു നിറയുന്നു.

Typist | എഴുത്തുകാരി said...

ശരിയാ, അന്നു പനി വരാന്‍ കൊതിച്ചിരുന്നു. ഇപ്പോള്‍ പേടിയാ പനിയെന്നു കേട്ടാ‍ല്‍.

വരവൂരാൻ said...

സ്നേഹം ,പരിചരണം എന്നിവക്കു വേണ്ടിയുള്ള മനസ്സിന്റെ ഉള്‍വിളികളാണു പനിയായി മാറുന്നതെന്നു തോന്നിയിരുന്നു.
സത്യം... എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട്‌.

പൊടിയരി കഞ്ഞി,‍ ചമ്മന്തി.
ചൂട്ട മൂളകും പുളിയും ഉപ്പും ചേര്‍ത്തു അച്ഛമ്മയുടെ ചമ്മന്തി……….
എല്ലാം ഇന്നു ഓർമ്മകൾ

എന്റെ അച്ഛമ്മ മരിച്ചിട്ടു ഒരു വർഷമാക്കുന്നു.

സ്നേഹസ്പര്‍ശത്തിന്റെ സുഖശീതളിമയില്‍ കിടന്നുമയങ്ങാന്‍ കൊതിക്കുന്ന മനസ്സിലേക്കു കുട്ടികാലത്തെ മഴക്കാലവും അതു സമ്മാനിക്കാറുള്ള പനിയുടെ ആര്‍ദ്ര സ്മരണകളും
പെയ്തു നിറച്ചതിനു ഒത്തിരി നന്ദി

ചങ്കരന്‍ said...

നല്ല ഓര്‍മകള്‍, പത്തിരുപതു വയസ്സുവരെ പനിക്കുമ്പോള്‍ അമ്മയെ കെട്ടിപ്പിടിക്കണമായിരുന്നു.

ശ്രീ said...

പനി ഓര്‍മ്മകള്‍ നന്നായി.

കുട്ടിക്കാലത്ത് പനിയെ പേടിച്ച് മഴയത്ത് ഇറങ്ങാതിരിയ്ക്കാന്‍ പറ്റില്ലല്ലോ. :)

Anil cheleri kumaran said...

പനി പണ്ടൊക്കെ ഒരു അനുഭവമായിരുന്നു. ഇപ്പോ കടുത്ത് ക്ഷീണം മൂലം പേടിയാവുന്നു.

പട്ടേപ്പാടം റാംജി said...

ഞങ്ങള്‍ക്ക്‌ ചമ്മന്തിക്കൊപ്പം ചാരത്തില്‍
ചുട്ടെടുത്ത പപ്പടവും ഉണ്ടാകുമായിരുന്നു. പുതുതലമുറയ്ക്ക്‌ നഷ്ടപ്പെടുന്നതും
നമ്മളനുഭവിച്ച പഴയകാല മധുരസ്മരണകള്‍ തന്നെ. ചിലപ്പോഴെല്ലാം എവിടെയൊക്കെയോ
തങ്ങിനില്‍ക്കുന്ന ഓര്‍മ്മകളുണര്‍ത്താന്‍ ഇത്തരം ബ്ളോകുകള്‍ സഹായിക്കുന്നു.

yousufpa said...

പനിയ്ക്കാന്‍ വേണ്ടി കക്ഷത്തിന്നിടയില്‍ ഉള്ളി വെച്ചാല്‍ മതി എന്ന്കേട്ടിട്ടുണ്ട്.

ജ്വാല said...

Typist | എഴുത്തുകാരി,
ഇപ്പോള്‍ പനിയെ ഭയമാണ് ..ആസ്വദിക്കാന്‍ പറ്റുന്നതല്ല ഇപ്പൊഴത്തെ പനി

വരവൂരാന്‍,
ഓര്‍മ്മകള്‍ വായിച്ചതിനും പങ്കുവെച്ചതിനും സന്തോഷം

ചങ്കരന്‍,
പനിക്കുമ്പോള്‍ അമ്മ അടുത്തുണ്ടാവുക ഒരു സുഖം തന്നെയായിരുന്നു

ശ്രീ,
മഴയില്‍ നനയാത്ത കുട്ടികളില്ല.അവര്‍ക്കു മറ്റു ആശങ്കകള്‍ ഇല്ലല്ലോ

കുമാരന്‍,
പനിയുടെ സുവര്‍ണ്ണകാലം കഴിഞ്ഞു
റാംജി,
ചുട്ട പപ്പടം ഞാന്‍ മറന്നുപോയി.വായനക്കു നന്ദി

യൂസുഫ്പ,
ഈ സൂത്രം അന്നു ആരും പറഞ്ഞില്ല....
വന്നതിനും അഭിപ്രായത്തിനും നന്ദി

ശ്രീ ഇടശ്ശേരി. said...

പനിയുടെ ഒര്‍മ്മ എല്ലാവര്‍ക്കും ഉണ്ടാകും..
എനിക്കു മാത്രം പനി വരില്ല..
പക്ഷെ,എല്ലാവര്‍ക്കും പനിക്കുബോള്‍,എനിക്കു വയറുവേദന വരും..
ങാ‍ാ..
ഉള്ളി പ്രയോഗം എനിക്കും അറിയില്ലായിരുന്നു..
:(
എല്ലാം മധുരിക്കുന്ന ഓര്‍മ്മകള്‍.
:)

ജ്വാല said...

ശ്രീ ഇടശ്ശേരി,
അതു ശരി ,വയറു വേദന കണ്ടുപിടിക്കാന്‍ എളുപ്പമല്ല.
സന്ദര്‍ശിച്ചതിന് സന്തോഷം

അരുണ്‍ കരിമുട്ടം said...

ഡ്രാക്കുള വായിച്ചുള്ള പനിയും ചിക്കന്‍ ഗുനിയായും രണ്ടാണേ

പ്രയാണ്‍ said...

ജ്വാലയുടെ അപര ജ്വാലാന്നുള്ള പേരിലെറ്ങ്ങിയല്ലെ വീണ്ടും.കമന്റിട്ടു കഴിഞ്ഞപ്പോഴാണ് ഇതപരയാണെന്ന് ബോധോദയം ഉണ്ടായത്.ഞാനെന്നും ഇങ്ങിനെയായിരുന്നു വൈകിയിട്ടെ എല്ലാം തിരിച്ചറിയു. പനീന്ന് പറഞ്ഞാല്‍ എനിക്ക് ഗ്ലൂക്കോസ് ബിസ്ക്കറ്റാണ് ഓര്‍മ്മവരാറ്.
അമ്മ പറയാറുണ്ടായിരുന്നു ബിസ്ക്കറ്റ് തിന്നാന്‍ വെണ്‍റ്റിയാണ് എനിക്ക് പനിക്കുന്നതെന്ന്.

ജ്വാല said...

അരുണ്‍
എനിക്കു ഡ്രാക്കുള പനി മനസ്സിലായി അതിലും ഭയങ്കരമാണത്രെ ചിക്കുന്‍ ഗുനിയ

പ്രയാണ്‍,
ഓരോ കൌതുകങ്ങള്‍
ഇപ്പോള്‍ ഓര്‍ക്കാന്‍ രസം

ഗൗരിനാഥന്‍ said...

njan ippol paniyila...pani varatte ...chikken guniya allathe alle..chammantheem kanjeem kudikkalo?

ജ്വാല said...

പനി ഭേദമാകട്ടെ
വായിച്ചതില്‍ സന്തോഷം

സൂത്രന്‍..!! said...

പനി വരാൻ ഇഷ്ടായിരുന്നു പണ്ട് ...സ്കൂളിൽ പൊകണ്ടല്ലൊ ?

മാനസ said...

വായിച്ചു കഴിഞ്ഞപ്പോള്‍ നെറ്റിയില്‍ ചെറിയ ചൂട് പോലെ .......
പനിയാണോ ഈശ്വരാ........
പൊടിയരിക്കഞ്ഞിയും ,ചുട്ടരച്ച ചമ്മന്തിയും........
കൊതിപ്പിക്കാതെടോ..
നാട്ടില്‍ പോകാന്‍ ഇനിയും 2 മാസം കാത്തിരിക്കണം....:(

ജ്വാല said...

സൂത്രന്‍,
മാനസ,
ഈ വഴി വന്നതില്‍ സന്തോഷം

ഒരു നുറുങ്ങ് said...

ജ്വാലേ....

ഇനിയെപ്പാ ഒന്ന് പനിക്കാന്‍....
ഇനി പനിക്കൂല്ല.
ഇപ്പം പനീന്ന് പറഞ്ഞാല്‍..
ഉള്ള തക്കാളീം,പക്ഷീം,കോഴീം,പന്നീം,ആനേം,അല്ലാതെ,
ആ പൂതിയുണ്ടല്ലോ...
ഒന്ന് പുതച്ചു കിദക്കാന്‍,അതു നടപ്പില്ല മോളെ ദിനേ...