“പനി ഒരു രോഗമല്ല, രോഗ ലക്ഷണം മാത്രം “ എന്നു കേട്ടിട്ടുണ്ട്.
ഒരിക്കലെങ്കിലും പനി വന്നെങ്കില്‍..എന്നു കൊതിക്കാത്തവരുണ്ടോ?ഉത്കടമായ ദാര്‍ശനിക വ്യഥകളില്‍ നിന്നും തിരക്കുപിടിച്ച ജീവിതാവസ്ഥകളില്‍ നിന്നും ഓടിയൊളിച്ചു സ്നേഹസ്പര്‍ശത്തിന്റെ സുഖശീതളിമയില്‍ കിടന്നുമയങ്ങാന്‍ കൊതിക്കുന്ന മനസ്സിലേക്കു കുട്ടികാലത്തെ മഴക്കാലവും അതു സമ്മാനിക്കാറുള്ള പനിയുടെ ആര്‍ദ്ര സ്മരണകളും പെയ്തു നിറയുന്നു.
പനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടു. സ്കൂളില്‍ നിന്നും വരുമ്പോള്‍ കുട മടക്കി മഴയില്‍ നടന്നിരുന്നത് നനയുന്നതിനു മാത്രമല്ല അകമ്പടിയായി പനി പ്രതീക്ഷിച്ചു കൊണ്ടുമാണ്.
പനി വന്നാല്‍ ഒരാഴ്ച്ച് സ്ക്കൂളില്‍ പോകേണ്ട
പുതച്ചു കിടക്കാം.പുറത്തു മഴയുടെ ശബ്ദം കേട്ട് ഉറങ്ങാം
അച്ഛനും അമ്മയും ജോലിക്കു പോകും വീട്ടില്‍( അച്ഛന്റെ അമ്മ) അച്ഛമ്മയാണ് പരിചരണം.
പനിയുള്ളവരെ പുതപ്പിച്ചു കിടത്തും പിന്നെ നെറ്റിയില്‍ നനവുള്ള തുണി ഇട്ടുതരും
പൊടിയരി കഞ്ഞി മാത്രമേ തരൂ ഇഷ്ടമില്ലെങ്കിലും അതു കുടിക്കണം അതിന്ന്റെ കൂടെ പനിക്കു സ്പെഷല്‍ ചമ്മന്തിയും. ചൂട്ട മൂളകും പുളിയും ഉപ്പും ചേര്‍ത്തു അച്ഛമ്മയുടെ ചമ്മന്തി………. അച്ഛമ്മ മരിച്ചിട്ടു വര്‍ഷങ്ങളായി.ട്ടും ആ ചമ്മന്തിയുടെ രുചി മനസ്സില്‍ നിന്നും നാവില്‍ നിന്നും മായുന്നില്ല.
ശരീരം ചുട്ടു പൊള്ളുമ്പോഴും മനസ്സില്‍ കുളിരായി പനി നമ്മളെ സാന്ത്വനിപ്പിക്കും.
പുതപ്പിനിടയിലൂടെ കഴുത്തില്‍, നെറ്റിയില്‍ വൃദ്ധസ്പര്‍ശം……
“പനി കൂടീയോ? വിയര്‍ത്തോ?”
പരീക്ഷാ പനി ,പേടി പനി, മടിയന്‍ പനി അങ്ങനെ പല പേരുകളും എന്റെ പനിയെ കളിയാക്കാറുണ്ടായിരുന്നു,സ്നേഹം ,പരിചരണം എന്നിവക്കു വേണ്ടിയുള്ള മനസ്സിന്റെ ഉള്‍വിളികളാണു പനിയായി മാറുന്നതെന്നു തോന്നിയിരുന്നു.
സ്കൂളിലെ കൂട്ടുകാരില്‍ നിന്നും കിട്ടിയ ഡ്രാക്കുളയൂടെ മലയാളം പതിപ്പ്…..അതു ഞാന്‍ ഒറ്റവായനയില്‍ അവസാനിപ്പിച്ചു. വായിക്കുമ്പൊള് പ്രത്യേകിച്ചു പേടിയൊന്നും തോന്നിയില്ല.ഇത്ര പേടിക്കാന്‍ ഒന്നും ഇല്ലല്ലൊ എന്നതായിരുന്നു ചിന്ത.എന്നാല്‍ ഇരുട്ടുവാന്‍ തുടങ്ങിയതോടെ എന്തോ ഭയം എന്നെ സംശയാലുവും പരിഭ്രാന്തയുമാക്കുവാന്‍ തുടങ്ങി.
അവിടെ…..ഇരുട്ടില്‍.. ചെടികള്‍ക്കു പിന്നില്‍….. മുറിയില്‍…..ഡ്രാക്കുള പ്രഭു നില്കുന്നു.ഞാന്‍ കഴുത്തില്‍ സ്പര്‍ശിച്ചു. …ഡ്രാക്കുളയുടെ ദംശനമേറ്റാല്‍…..
ഡ്രാക്കുള പ്രഭു സ്നേഹത്തോടെ എന്നെ വിളിക്കുന്നു……പുസ്തകത്തിലെ വരികള്‍ ദൃശ്യങ്ങളായി……..അന്നു രാത്രി പേടിച്ചു പനിച്ചു വിറച്ചു
അതോടു കൂടി ഡ്രാക്കുളയും ഹൊറര്‍ വായനയും അവസാനിച്ചു
പനിയെ ആവാഹിച്ചു വരുത്തുവാന്‍ കഴിവുള്ള് ഒരു സുഹൃത്തുണ്ടായിരുന്നു.അവനു മഴയും മഞ്ഞും ഒന്നും വേണ്ട. പനി വരണമെന്നു ആഗ്രഹിച്ചാല്‍ മതി.വൈകുന്നേരത്തേക്കു പനി എത്തും.അതിന്റെ രഹസ്യം ഇപ്പൊഴും പിടികിട്ടിയിട്ടില്ല.
കൌമാരത്തില്‍ തീനാളം പോലെ മനസ്സിനെ പൊള്ളിച്ച പ്രണയപനിയും മറക്കാനാവില്ല
പിന്നീട് പനിയുടെ കാല്പനിക ഭാവങ്ങളെല്ലാം നഷ്ടപ്പെട്ടതായി തോന്നുന്നു.
“പാരസറ്റമോള്‍“ കഴിച്ചു നെറ്റിയില്‍ അമൃതാഞ്ജന്‍ അല്ലെങ്കില്‍ വിക്സ് തരുന്ന പരിലാളനത്തില്‍ ജീവിതത്തിന്റെ തിരക്കിലേക്കു പനിയെ മറന്നു യാത്രചെയ്യും.
അടുത്ത കാലത്ത് നമ്മുടെ നാട്ടില്‍ പനി വീണ്ടും സജീവമായി.പുതിയ പേരുകളില്‍ പുതിയ ലഷണങ്ങളുമായി വിചിത്രമായ പനി ….മരുന്നു കഴിച്ചാല്‍ ഏഴു ദിവസം അല്ലെങ്കില്‍ ഒരാഴ്ച്ചയില്‍ സുഖപ്പെടുമെന്നു കരുതീയിരുന്ന ആസ്വാദ്യമായ പനിയുടെ കരസ്പര്‍ശത്തിനു പകരം പ്രേതാഭിഷിതയായ സംഹാരരൂപിണിയായി പനി വേഷപകര്‍ന്നു…
ചിക്കുന്‍ ഗുനിയ….ഡെങ്കു …എലിപ്പനി……ജപ്പാന് ജ്വരം…
നാട്ടില്‍ ആരോഗ്യ-രാഷ്ട്രീയ സാമൂഹ്യരംഗം പിടിച്ചു കുലുക്കിയ പനിയുടെ രൌദ്രഭാവം……..
ഇനിയൊരിക്കലും ആരും പനി എന്നതിനെ സ്നേഹിക്കുകയോ ആഗ്രഹിക്കുകയോ ഇല്ല .കാലത്തിനു അനുസരിച്ചു പനിയുടെ ഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായതു ഞാനും മനസ്സിലാക്കുന്നു
ആറാട്ടുപുഴ വേലായുധ ചേകവർ
2 years ago