അടുത്ത കാലത്ത് ചേരിപ്രദേശത്തേയും ആക്രിക്കാരുടെയും കുട്ടികളുടെ പഠനകാര്യത്തില്‍ സര്‍ക്കാര്‍ എയിഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് അതിയായ താല്പര്യം ഉണ്ടായിരിക്കുന്നു. അദ്ധ്യാപകര്‍ കൂടുതല്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരായി എന്നു ആരെങ്കിലും സംശയിക്കുന്നുണ്ടോ?
1995 നു ശേഷം എയിഡഡ് (പ്രൈവറ്റ് മാനേജ്മെന്റ്) സ്കൂളില്‍ നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ക്കു ഓരോ ക്ലാസ്സിലും നിശ്ചയിക്കപ്പെട്ട എണ്ണം കുട്ടികള്‍ ഇല്ലെങ്കില്‍ ജോലി സംരക്ഷണം ഇല്ല. അവര്‍ സര്‍വീസില്‍ നിന്നും പുറത്തുപോകേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത് .ഇംഗ്ലീഷ് ഭാഷ അദ്ധ്യാപകര്‍ക്ക് മാത്രമാണു ഇക്കാര്യത്തില്‍ സംരക്ഷണം ലഭിക്കുന്നത്. അപ്പോള്‍ സ്വന്തം നിലനില്പിനു വേണ്ടി അദ്ധ്യാപകര്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരെ ഓര്‍മ്മിക്കുക സ്വാഭാവികം മാത്രം. നാടോടികളുടേയും ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവരുടേയും കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുവാനും അതിന്റെ എല്ലാ ചിലവുകളും ഏറ്റെടുക്കുവാനും അദ്ധ്യാപകര്‍ തയ്യാറാകുന്നു.
എന്തായാലും സമൂഹത്തിലെ പട്ടിണി പാവങ്ങളുടെ കുട്ടികള്‍ നല്ല വസ്ത്രം ധരിച്ചു വാഹനത്തില്‍
സ്കൂളില്‍ എത്തുക എന്നതു നല്ല സാമൂഹിക പരിണതി തന്നെ. 1959 ലെ കേരള വിദ്യാഭ്യാസ നിയമപ്രകാരം 45 കുട്ടികള്‍ക്ക് ഒരു ക്ലാസ്സു ഡിവിഷന് അനുവദിക്കുന്നു.എന്നാല്‍ അന്ന് വീടുകളില്‍ കുട്ടികളുടെ എണ്ണം അഞ്ചില്‍ കൂടുതലാണ്.മാത്രമല്ല സ്ക്കൂളുകളുടെ എണ്ണം കുറവുമാണ്.ഇന്ന് ഒരു വീട്ടില്‍ ഒന്നോ രണ്ടൊ കുട്ടികള്‍ മാത്രം. സി.ബി.എസ്.ഇ സ്ക്കൂള് അടക്കം ധാരാളം സ്കൂളുകള്‍ നാട്ടിലുണ്ട്.പക്ഷെ അദ്ധ്യാപകരുടെ തസ്തിക നിര്‍ണ്ണയിക്കുന്ന 1:45 അനുപാതം ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല.
അദ്ധ്യാപകരുടെ നിലനില്പിനായുള്ള സമരത്തിന്റെ ഭാഗമായി സമൂഹത്തില്‍ അസ്പൃശ്യരായ ജനവിഭാഗത്തിന്റെ ഇടയിലേക്കു അവര്‍ എത്തുകയും ബാല്യത്തില്‍ തന്നെ വേലക്കു വിട്ടിരുന്ന കുഞ്ഞുങ്ങളെ സ്കൂളുകളില്‍ എത്തിക്കുവാന്‍ ഏറെക്കുറെ സാധിക്കുകയും ചെയ്യുന്നു. അതിനായി വസ്ത്രം,പുസ്തകം,വാഹനം എന്നിവയുടെ ചിലവു അദ്ധ്യാപകര്‍ വഹിക്കുന്നു. നാടോടിയുടെ കുട്ടികള്‍ നാടോടിയായും. ആക്രിസാധങ്ങള്‍ പെറുക്കി ജീവിക്കുന്നവരുടെ കുട്ടികള്‍ അതേ ജോലിതന്നെ തുടര്‍ന്നു വരുന്ന ഈ സമൂഹത്തില്‍ പരോക്ഷമായെങ്കിലും അവരുടെ ഉന്നമനത്തിനു അദ്ധ്യാപകരുടെ ഇടപെടലുകള്‍ സഹായകമാകും എന്നു നമുക്ക് പ്രത്യാശിക്കാം.
ആറാട്ടുപുഴ വേലായുധ ചേകവർ
2 years ago