എന്നും ഇതു വഴി ഓഫീസിലേക്ക് ബസ് യാത്ര ചെയ്യുന്നതാണെങ്കിലും വഴിയിലെ കാഴ്ചകള്‍ കണ്ടു യാത്രചെയുമ്പോള്‍ മടുപ്പ് തോന്നാറില്ല. പലയിടത്തും റോഡ് നിര്‍മ്മാണം ,ടാറിടല്‍ ,ഡ്രെയ്നേജ് എല്ലാം പുരോഗമിക്കുന്നു.നമ്മുടെ നാട് വികസിക്കുകയാണ്.ഒരു പത്തു വര്‍ഷം മുന്‍പു ഉണ്ടായിരുന്ന റോഡുകളുടെ അവസ്ഥയല്ല ഇപ്പോള്‍. രാജപാതകളും ഹൈവേകളും നാടിന്റെ സിരകളാണെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കി കഴിഞ്ഞു. രണ്ടുവരി പാതകള്‍
നാലുവരിയും ആറുവരിയും ആയി മാറുവാന്‍ തയ്യാറാകുന്നു.സബ് വേ,ഫ്ലൈ ഓവര്‍ എല്ലാം
നിര്‍മ്മിച്ച് യാത്ര കൂടുതല്‍ സുഗമമാക്കുന്നു. വളരെ ആശാവഹമായ മാറ്റങ്ങളാണു ഇതെല്ലാം.
എന്റെ അടുത്ത സീറ്റില്‍ ഒരു അമ്മയും അച്ഛനും കുട്ടികളും. കുട്ടികള്‍ ബിസ്കറ്റ് പഴം തുടങ്ങി എന്തോ കഴിക്കുന്നു കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ ആ കവറുകളും മിനറല്‍ വാട്ടര്‍
വാങ്ങിയ ഒഴിഞ്ഞ കുപ്പിയും എല്ലാം ബസിന്റെ ജനലിലൂടെ നിരത്തിലേക്കു എറിഞ്ഞു.
മലയാളിയുടെ സാമൂഹ്യ ശുചിത്വബോധത്തിന്റെ ഒരു ദൃശ്യം മാത്രമാണിത്.
കോര്‍പറേഷന്‍ അധികൃതര്‍ നിയോഗിച്ചവര്‍ നഗരം രാവിലെ ശുചിയാക്കുമെങ്കിലും നഗരവും നിരത്തും ശുചിയോടെ പരിപാലിക്കുക നാട്ടുകാരുടെ കൂടി ബാധ്യതയായി ആരും
കരുതുന്നീല്ല.ഭക്ഷണപ്പൊതി,പഴത്തൊലി തുടങ്ങി എന്തു മാലിന്യവും നിരത്തില്‍ നിക്ഷേപിക്കുവാന്‍ പലര്‍ക്കും മടിയില്ല.
എന്റെ ബസ് ഒരു പാലത്തിനു സമീപം എത്തി.താഴെ സാമാന്യം വെള്ളം ഒഴുകീയിരുന്ന
ഒരു തോട്.എന്നാല്‍ ഇപ്പോള്‍ അതിന്റെ ഇരു കരയിലും നീരൊഴുക്കിനെ തടസ്സപ്പെടുത്തി നിറയെ മാലിന്യകെട്ടുകള്‍ നിഷേപിച്ചിട്ടുണ്ട്.ഇനി ഒഴുക്കു നഷ്ടപ്പെട്ട് വെള്ളം കൊതുകിനും മറ്റു രോഗകാരികള്‍ക്കും താവളമാകുന്നു.
ഗാര്‍ഹികമാലിന്യങ്ങള്‍ കവറിലാക്കി വഴിയരികിലും നീര്ച്ചാലുകളിലും എറിഞ്ഞു സമാധാനമായി പോകുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ നാട്ടിലുണ്ട്. തുറസ്സായ സ്ഥലങ്ങളെല്ലാം
താമസസ്ഥലമായി മാറ്റിയ മലയാളിക്ക് സ്വന്തം മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്കു ഹാനികരമാകാത്തരീതിയില്‍ പുറംതള്ളണമെന്ന അവബോധം ഇന്നും ഉണ്ടായിട്ടില്ല.
വെറുതെ പുറത്തേക്കു നൊക്കിയിരുന്നു….അപ്പോഴാണ് മറ്റൊരു അരോചകമായ കാഴ്ച.
നമ്മുടെ ചില പുരുഷപ്രജകള്‍ നിരത്തുകളുടെ ഓരത്തു മൂത്രവിസ്ര്ജ്ജനം നടത്തുന്നു.ഇതവരുടെ അവകാശം പോലെ….. .അടുത്തു കൂടി കുറച്ചു വിദ്യാര്‍ത്ഥികള്‍ ഈ കാഴ്ചകളെല്ലാം അവഗണിച്ചു നടന്നു പോകുന്നു. ഇതൊരു പതിവു കാഴ്ചയാകുമ്പോള്‍..
നമുക്ക് അതൊരു പ്രശ്നമല്ലാതാകുന്നു.അതു മാത്രമോ? പൊതുനിരത്തില്‍ തുപ്പുവാനും മൂക്കുചീറ്റുവാനും പുരുഷന്മാര്‍ക്കു യാതൊരു മടിയുമില്ല.ഇക്കാര്യത്തില്‍ സ്ത്രീകള്‍ കുറച്ചുകൂടി അന്തസ്സു കാണിക്കുന്നു.
അപ്പോഴാണ് ഒരു സംഭവം ഓര്‍ത്തത്.കലാമണ്ഡലത്തിളെക്കുള്ള ബസ് കാത്ത് ഒരു സായ്പും മദാമയും ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു.അവര്‍ അടുത്ത ഷോപ്പില്‍ നിന്നും കുറച്ച് ഓറഞ്ചും വെള്ളവും വാങ്ങികഴിച്ചതിനു ശേഷം തൊലിയും കുപ്പിയും കളയുവാനായി അടുത്ത് നിന്ന ആളിനോട് “where is the dust bin ?”അടുത്തുനിന്ന നാട്ടുകാരന്‍ മാത്രമല്ല മറ്റുള്ളവര്‍ക്കും അതിനു
ഉത്തരമില്ലായിരുന്നു.
അതെ മലയാളിയുടെ സാമൂഹ്യശുചിത്വബോധം ഇനിയും മെച്ചപ്പെടേണ്ടതാണ്.
ദൈവത്തിന്റെ സ്വന്തം നാടിനു ശുചിയായ് കിടക്കുന്ന തെരുവുകളും നിരത്തുകളും ആവശ്യമാണ്. നാട്ടുകാരുടെ സഹകരണമില്ലാതെ ഇത്തരം ശുചിത്ത്വം നിലനിര്‍ത്തുക സാധ്യമല്ല .
പല വിദേശരാജ്യങ്ങളിലെയും നിരത്തുകള് മലയാളിയെ ആകര്‍ഷിക്കാറുണ്ട്.നഗരാസൂത്രണമെന്നതില്‍ നിര്‍മ്മാണം മാത്രമല്ല ശുചിത്വപരിപാലനവും ഉള്‍പ്പെടുത്തേണ്ടതാണ്.
ആവശ്യത്തിനു കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഉണ്ടാക്കുകയും ധാരാളം വേസ്റ്റ് ബിന്‍ നിരത്തുകളിലും
ബസ് സ്റ്റാന്‍ഡിലും സ്ഥാപിക്കേണ്ടതാണ്.പിന്നെ വഴിയരുകില്‍ മൂത്രവിസര്‍ജ്ജനം, തുപ്പല്‍, മാലിന്യ നിക്ഷേപം തുടങ്ങീ വൃത്തികേടുകള്‍ ചെയ്യുന്നവരെ നിരീക്ഷിക്കുവാനും പിടികൂടുവാനും പോലിസ് പ്രത്യേകം ആളുകളെ നിയോഗിക്കണം. എന്നാല്‍ മാത്രമേ നാടും
നിരത്തും വൃത്തിയായി പരിരക്ഷിക്കാനാകൂ
എനിക്കു ഇറങ്ങുവാനുള്ള സ്റ്റോപ് എത്തി . ഇനി ഓഫീസിലേക്ക്.