Saturday, June 20, 2009

വികസനം കേരളത്തില്‍ ?

തക്കാളി 1കി 20രൂ
ഉള്ളി ,, 18
പയറ് ,, 20
കായ ,, 28
പഞ്ചസാര ,, 26
അരി ,, 20
പരിപ്പ് ,, 70
ചായ ,, 100


ഇലക്ഷന്‍,പുതിയ ഗവണ്മെന്റ് രൂപീകരണം,ജയ പരാജയ കാരണങ്ങളുടെ വിശകലനങ്ങള്‍, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടരിയും തമ്മിലുള്ള ഭിന്നതകള്‍,സാംസ്കാരിക നായകന്മാരുടെ വാചകമേളകള്‍,പണപെരുപ്പം-പണച്ചുരുക്കം എന്താണെന്നു നിര്‍വചിക്കാനാവാത്ത ധനകാര്യവിദഗ്ധരുടെ നിസ്സഹായത തുടങ്ങി ലഹരി പിടിപ്പിക്കുന്ന വാര്‍ത്തകളുമായി മാധ്യമങ്ങള്‍ നമ്മളെ സല്‍ക്കരിക്കുന്നു.അതിനിടയില്‍ ഒരു പ്രധാന വിഷയം വലിയ ശ്രദ്ധനേടാതെയും ഉണ്ടായിരുന്നു.നാട്ടിലെ ഒരു സാധാരണ പൌരന്റെ ദൈനംദിന ജീവിതവുമായി ബന്ധമുള്ള ഒരു വാര്‍ത്ത .ഭക് ഷ്യ സാധനങ്ങളുടെ വില നിലവാരത്തിന്റെ ഗ്രാഫ് കുത്തനെ മുകളിലേക്കു കയറുന്നു.

ജീവിക്കുന്നതിന് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം.വസ്ത്രം,പാര്‍പ്പിടം തുടങ്ങിയവ ആവശ്യം പോലെ ലഭ്യമായ ഒരു സമൂഹത്തിലാണു മുകളില്‍ പരാമര്‍ശിച്ച സംവാദങ്ങള്‍ക്കും,ദാര്‍ശനിക വിവാദങ്ങള്‍ക്കും പ്രാധാന്യവും അര്‍ത്ഥവും ഉണ്ടാകേണ്ടത്.എന്നാല് അവശ്യ ഭക് ഷ്യ വസ്തു വില സാധാരണക്കാരന് അപ്രാപ്യമായ ഒരു അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴും സര്‍ക്കാരും അധികാര വര്‍ഗ്ഗവും പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയേയും നിസ്സംഗതയേയും എന്തു വിളിക്കും?
ഈ സ്ഥിതി വിശേഷം സൃഷ്ടിച്ചതില്‍ കേരളം ഭരിച്ച ഒരോ സര്‍ക്കാരും ബാധ്യസ്ഥരാണ്.

പത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത് ഒരു വര്‍ഷത്തിനിടയില്‍ ഭക് ഷ്യ് ഉത്പാദന വിലയില്‍ 30% വില വര്‍ദ്ധനവ് ഉണ്ടായി എന്നതാണ്.കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അരിയുടെ വില 45% വര്‍ദ്ധ്നവു ഉണ്ടായി..പച്ചക്കറി പയറു വര്‍ഗ്ഗങ്ങളുടെ വിലയില്‍ ഉണ്ടായ ക്രമാതീതമായ വര്‍ധനവിനെ കുറിച്ച് കേന്ദ്ര സംസ്ഥാന ഭക്ഷ്യ മന്ത്രിമാര്‍ പഠനം തുടര്‍ന്നു കോണ്ടിരിക്കുന്നതായാണ് വാര്‍ത്ത

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനം മാത്രമായി മാറുകയാണ്.വിവാദങ്ങളും ജാടയും ദുരഭിമാനവും മാത്രം നമുക്കു സ്വന്തം.അരിക്ക് വേണ്ടി ആന്ധ്രയേയും പഞ്ചാബിനേയും പച്ചക്കറിക്കായി തമിഴ്നാടിനേയും തൊഴില്‍ കിട്ടുവാന്‍ മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും നമ്മള്‍ ആശ്രയിക്കുന്നു.

“ദൈവത്തിന്റെ നാട്“ ഒരിക്കലും “ദേവലോകം“ അകുന്നില്ല. കൃഷി ചെയ്യാതെ അരിയും പച്ചക്കറിയും ഉണ്ടാകില്ല.ഇവിടെ വരദാനത്തിനായി നന്ദിനി പശുക്കളും കല്പക വൃക്ഷങ്ങളും ഇല്ല. നമ്മുടെ ഊര്‍ജ്ജ സ്രോതസ്സു ഇന്നും മഴയെയും കാലാവസ്ഥയേയും ആശ്രയിക്കുന്ന പഴയ ഹൈഡല്‍ പ്രൊജക്റ്റുകള്‍ തന്നെ .മലയാളിയുടെ അതിരു കടന്ന സമൂഹ്യ പ്രതിബദ്ധത ആണവ തെര്‍മല്‍ പ്രൊജക്റ്റുകളെ നമ്മുടെ സംസ്ഥാനത്തില്‍ നിന്നും തുരത്തിയോടിച്ചു. കുറഞ്ഞ ചിലവില്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ കാര്‍ഷിക വ്യവസായ ഉത്പാദന സംരംഭങ്ങള്‍ വിജയിച്ചില്ല. ഊര്‍ജ്ജോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫലപ്രദമായ പ്രവര്‍ത്തങ്ങളും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യവസായ തൊഴില്‍ മേഖലകളും കേരളത്തില്‍ പരാജയപ്പെട്ടു.

കേരളത്തിനെ സ്വയം പര്യാപ്തമാക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയുന്നതില്‍ മാറി മാറി വന്ന എല്ലാ സര്‍ക്കാരുകളും പരാജയപ്പെട്ടു എന്നു തന്നെ പറയാം.ഈ ഉത്തരവാദിത്തത്തില്‍ നിന്നും അകന്നു കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ പരസ്പരം പഴിചാരുന്ന പരിഹാസ്യമായ അവസ്ഥയും ഉണ്ട്. ഇതു രണ്ടു രൂപക്ക് ബി.പി.എല്‍ വിഭാഗത്തിനു അരി കൊടുത്തു പരിഹരിക്കാവുന്ന ഒരു സമൂഹ്യപ്രശ്നം ആണോ ?

സ്വയം പര്യാപ്തത എന്നതു നേടുന്നതിനായി കാലോചിതവും പുരോഗമനപരവുമായ പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍ ദീര്ഘ വീക്ഷണവും ആത്മാര്‍ത്ഥതയും ഉള്ള നേതാക്കള്‍ നമുക്കില്ല എന്നതു സത്യം തന്നെ. നാടിന്റെ ക്ഷേമത്തിനായ് ഒന്നും പ്രവര്‍ത്തിക്കാതെ സംവാദങ്ങളും വിവാദങ്ങളും മാത്രമായാല്‍ വിദൂര ഭാവിയില് ദൈവത്തിന്റെ നാട്ടില്‍ സധാരണക്കാരന്റെ ജീവിതം അസാദ്ധ്യമാവുകയും ഇവിടെ നിന്നും പലായനം ചെയ്യേണ്ടതായും വരും.

Thursday, June 4, 2009

ബാഷ്പാഞ്ജലി

ജൂണ്‍ ഒന്നിനു രാവിലെ ഒമ്പത് മണിക്ക് സാഹിത്യ അക്കാദമിയില്‍ നീര്‍മാതളത്തിന്റെ കൂട്ടുകാരിയുടെ നിര്‍ജ്ജീവ ശരീരം ഒരു നോക്കു കാണുവാന്‍ കാത്തുനിന്നു.വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രം.വല്ലാത്ത നിരാശ തോന്നി.ഓഫീസില്‍ തിരക്കുള്ള സമയം.എന്നാലും എന്റെ പ്രിയപ്പെട്ട കഥാകാരിയെ ഒന്നു കാണുവാന്‍ തന്നെ തീരുമാനിച്ചു. മാധവിക്കുട്ടി എന്റെ ഹൃദയത്തിന്റെ അടുത്തു നിന്നു മന്ത്രിക്കുന്നു എന്ന തോന്നല്‍...വളരെ അടുപ്പമുള്ള ഒരാളുടെ വിയോഗം അല്ലെങ്കില്‍ അഭാവം സൃഷ്ടിക്കുന്ന ഒരു അരക്ഷിതാവസ്ഥ മനസ്സില്‍.ഒരു മണിക്കൂര്‍ കഴിഞ്ഞു.എന്നിട്ടും വാഹനം എത്തിയില്ല.അപ്പോഴേക്കും വന്‍ ജനാവലിയാല്‍ അക്കാഡമിയുടെ പരിസരം നിറഞു.പത്തുമണി കഴിഞ്ഞപ്പോള്‍ മൃതദേഹം വഹിച്ചു വാഹനം എത്തി.വാഹനത്തില്‍ നിന്നു മുറിയിലേക്കു ശീതീകരിച്ച ശവമഞ്ചത്തില്‍ എന്റെ പ്രിയപ്പെട്ട കഥാകാരിയെ കൊണ്ടുവന്നു.രാഷ്ട്രീയക്കാരും സാഹിത്യനായകന്മാരും കടന്നുപോയതിനു ശേഷം ഞങ്ങള്‍ക്കു കാണുവാന്‍ അവസരം വന്നു. താലത്തില്‍ നിന്നും ഒരു കൈകുടന്ന ചുവന്ന അരളിപ്പൂക്കള്‍ എടുത്തു .ശവമഞ്ചത്തില്‍ അര്‍പ്പിച്ചു. ആ മുഖത്തേക്കു ഒന്നു നോക്കി. സ്വപ്നങ്ങളുടെ ,പ്രണയത്തിന്റെ ,ഉന്മാദത്തിന്റെ,നിഷ്കളങ്കതയുടെ രാജകുമാരി ശീതീകരിച്ച ശവമഞ്ചത്തില്‍ ഉറങ്ങുകയാണ്. എന്റെ മനസ്സില്‍ മാധവിക്കുട്ടിയുടെ ചേതോഹരമായ വാക്കുകള്‍.ഇനി... ഇങ്ങനെ പറയുവാന്‍ മലയാളത്തില്‍ ഒരു സ്ത്രീ ഇല്ലെന്ന സത്യം .
“എനിക്കു വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും.എന്റെ ഭാഷക്കു മനുഷ്യഭാഷയോടു യാതൊരു സാദൃശ്യവും ഉണ്ടാകില്ല.ഞാന്‍ സുഗന്ധവാഹിയായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരും വിരിച്ചു ആ ശയ്യയില്‍ കിടക്കും....“
അതെ .യാഥാര്‍ത്ഥ്യത്തിന്റേയും ഭാവനയുടേയും അതിരുകള്‍ വേര്‍പിരിക്കാനാവാത്ത ആ ചിന്തകളുടെ ലോകത്തു അവര്‍ സുന്ദരിയായ ഒരു രാജ്ഞിയെ പോലെ ......ആദരാഞ്ജലികള്‍