Saturday, February 28, 2009

സ്നേഹം പകര്‍ന്ന “പനിസ്പര്‍ശങ്ങള്‍“

“പനി ഒരു രോഗമല്ല, രോഗ ലക്ഷണം മാത്രം “ എന്നു കേട്ടിട്ടുണ്ട്.
ഒരിക്കലെങ്കിലും പനി വന്നെങ്കില്‍..എന്നു കൊതിക്കാത്തവരുണ്ടോ?ഉത്കടമായ ദാര്‍ശനിക വ്യഥകളില്‍ നിന്നും തിരക്കുപിടിച്ച ജീവിതാവസ്ഥകളില്‍ നിന്നും ഓടിയൊളിച്ചു സ്നേഹസ്പര്‍ശത്തിന്റെ സുഖശീതളിമയില്‍ കിടന്നുമയങ്ങാന്‍ കൊതിക്കുന്ന മനസ്സിലേക്കു കുട്ടികാലത്തെ മഴക്കാലവും അതു സമ്മാനിക്കാറുള്ള പനിയുടെ ആര്‍ദ്ര സ്മരണകളും പെയ്തു നിറയുന്നു.

പനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടു. സ്കൂളില്‍ നിന്നും വരുമ്പോള്‍ കുട മടക്കി മഴയില്‍ നടന്നിരുന്നത് നനയുന്നതിനു മാത്രമല്ല അകമ്പടിയായി പനി പ്രതീക്ഷിച്ചു കൊണ്ടുമാണ്.
പനി വന്നാല്‍ ഒരാഴ്ച്ച് സ്ക്കൂളില്‍ പോകേണ്ട
പുതച്ചു കിടക്കാം.പുറത്തു മഴയുടെ ശബ്ദം കേട്ട് ഉറങ്ങാം
അച്ഛനും അമ്മയും ജോലിക്കു പോകും വീട്ടില്‍( അച്ഛന്റെ അമ്മ) അച്ഛമ്മയാണ് പരിചരണം.
പനിയുള്ളവരെ പുതപ്പിച്ചു കിടത്തും പിന്നെ നെറ്റിയില്‍ നനവുള്ള തുണി ഇട്ടുതരും
പൊടിയരി കഞ്ഞി മാത്രമേ തരൂ ഇഷ്ടമില്ലെങ്കിലും അതു കുടിക്കണം അതിന്ന്റെ കൂടെ പനിക്കു സ്പെഷല്‍ ചമ്മന്തിയും. ചൂട്ട മൂളകും പുളിയും ഉപ്പും ചേര്‍ത്തു അച്ഛമ്മയുടെ ചമ്മന്തി………. അച്ഛമ്മ മരിച്ചിട്ടു വര്‍ഷങ്ങളായി.ട്ടും ആ ചമ്മന്തിയുടെ രുചി മനസ്സില്‍ നിന്നും നാവില്‍ നിന്നും മായുന്നില്ല.
ശരീരം ചുട്ടു പൊള്ളുമ്പോഴും മനസ്സില്‍ കുളിരായി പനി നമ്മളെ സാന്ത്വനിപ്പിക്കും.
പുതപ്പിനിടയിലൂടെ കഴുത്തില്‍, നെറ്റിയില്‍ വൃദ്ധസ്പര്‍ശം……
“പനി കൂടീയോ? വിയര്‍ത്തോ?”

പരീക്ഷാ പനി ,പേടി പനി, മടിയന്‍ പനി അങ്ങനെ പല പേരുകളും എന്റെ പനിയെ കളിയാക്കാറുണ്ടായിരുന്നു,സ്നേഹം ,പരിചരണം എന്നിവക്കു വേണ്ടിയുള്ള മനസ്സിന്റെ ഉള്‍വിളികളാണു പനിയായി മാറുന്നതെന്നു തോന്നിയിരുന്നു.

സ്കൂളിലെ കൂട്ടുകാരില്‍ നിന്നും കിട്ടിയ ഡ്രാക്കുളയൂടെ മലയാളം പതിപ്പ്…..അതു ഞാന്‍ ഒറ്റവായനയില്‍ അവസാനിപ്പിച്ചു. വായിക്കുമ്പൊള് പ്രത്യേകിച്ചു പേടിയൊന്നും തോന്നിയില്ല.ഇത്ര പേടിക്കാന്‍ ഒന്നും ഇല്ലല്ലൊ എന്നതായിരുന്നു ചിന്ത.എന്നാല്‍ ഇരുട്ടുവാന്‍ തുടങ്ങിയതോടെ എന്തോ ഭയം എന്നെ സംശയാലുവും പരിഭ്രാന്തയുമാക്കുവാന്‍ തുടങ്ങി.
അവിടെ…..ഇരുട്ടില്‍.. ചെടികള്‍ക്കു പിന്നില്‍….. മുറിയില്‍…..ഡ്രാക്കുള പ്രഭു നില്‍കുന്നു.ഞാന്‍ കഴുത്തില്‍ സ്പര്‍ശിച്ചു. …ഡ്രാക്കുളയുടെ ദംശനമേറ്റാല്‍…..
ഡ്രാക്കുള പ്രഭു സ്നേഹത്തോടെ എന്നെ വിളിക്കുന്നു……പുസ്തകത്തിലെ വരികള്‍ ദൃശ്യങ്ങളായി……..അന്നു രാത്രി പേടിച്ചു പനിച്ചു വിറച്ചു
അതോടു കൂടി ഡ്രാക്കുളയും ഹൊറര്‍ വായനയും അവസാനിച്ചു

പനിയെ ആവാഹിച്ചു വരുത്തുവാന്‍ കഴിവുള്ള് ഒരു സുഹൃത്തുണ്ടായിരുന്നു.അവനു മഴയും മഞ്ഞും ഒന്നും വേണ്ട. പനി വരണമെന്നു ആഗ്രഹിച്ചാല്‍ മതി.വൈകുന്നേരത്തേക്കു പനി എത്തും.അതിന്റെ രഹസ്യം ഇപ്പൊഴും പിടികിട്ടിയിട്ടില്ല.

കൌമാരത്തില്‍ തീനാളം പോലെ മനസ്സിനെ പൊള്ളിച്ച പ്രണയപനിയും മറക്കാനാവില്ല
പിന്നീട് പനിയുടെ കാല്പനിക ഭാവങ്ങളെല്ലാം നഷ്ടപ്പെട്ടതായി തോന്നുന്നു.
“പാരസറ്റമോള്‍“ കഴിച്ചു നെറ്റിയില്‍‍ അമൃതാഞ്ജന്‍ അല്ലെങ്കില്‍ വിക്സ് തരുന്ന പരിലാളനത്തില്‍ ജീവിതത്തിന്റെ തിരക്കിലേക്കു പനിയെ മറന്നു യാത്രചെയ്യും.

അടുത്ത കാലത്ത് നമ്മുടെ നാട്ടില്‍ പനി വീണ്ടും സജീവമായി.പുതിയ പേരുകളില്‍ പുതിയ ലഷണങ്ങളുമായി വിചിത്രമായ പനി ….മരുന്നു കഴിച്ചാല്‍ ഏഴു ദിവസം അല്ലെങ്കില്‍ ഒരാഴ്ച്ചയില്‍ സുഖപ്പെടുമെന്നു കരുതീയിരുന്ന ആസ്വാദ്യമായ പനിയുടെ കരസ്പര്‍ശത്തിനു പകരം പ്രേതാഭിഷിതയായ സംഹാരരൂപിണിയായി പനി വേഷപകര്‍ന്നു…

ചിക്കുന്‍ ഗുനിയ….ഡെങ്കു …എലിപ്പനി……ജപ്പാന്‍ ജ്വരം…

നാട്ടില്‍ ആരോഗ്യ-രാഷ്ട്രീയ സാമൂഹ്യരംഗം പിടിച്ചു കുലുക്കിയ പനിയുടെ രൌദ്രഭാവം……..
ഇനിയൊരിക്കലും ആരും പനി എന്നതിനെ സ്നേഹിക്കുകയോ ആഗ്രഹിക്കുകയോ ഇല്ല .കാലത്തിനു അനുസരിച്ചു പനിയുടെ ഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായതു ഞാനും മനസ്സിലാക്കുന്നു

Sunday, February 22, 2009

പൊട്ടിത്തെറിക്കുന്ന പന്തുകള്‍

കളിയുടെ ആരവം മുഴങ്ങുന്ന ഈ ഇടവഴിയില്‍ നില്‍കുമ്പോള്‍
എനിക്കവനെ കാണാം… ജനലിന്നഴിയിലുടെ ഞങ്ങള് പന്ത്
കളിക്കുന്നതു നോക്കി പതിവുപോലെ. അവനിരിക്കുന്നു.
അവനും കളിക്കുവാനിഷ്ടമാണ്.എന്നാല് അവനെ
അമ്മ വിടില്ല.

“കുട്ടികളു കളിക്കുന്നതു ഇഷ്ടമില്ലാത്ത അമ്മമാരുണ്ടോ?”

ഒരു ഞായറാഴ്ച്ച അവന്റെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു
അന്നവന്‍ കളിക്കുവാന്‍ വന്നു. ഞങ്ങള്‍ക്കും സന്തോഷമായി.
അവനുള്ള ടിം ജയിക്കുമെന്നു എല്ലാവര്‍ക്കും അറിയാം.

അപ്പോള്‍…, അതാ അവന്റെ അമ്മ ഓടിവരുന്നു,അലമുറയിട്ടു കരയുന്നു.
അവന് വീട്ടിലേക്കു ഓടിപ്പോയി.ഞങ്ങളും കളി അവസാനിപ്പിച്ചു.
പിന്നേയും അവന്റെ അമ്മയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു.അന്നു വൈകീട്ട്
അവന്റെ അച്ഛന്‍ അമ്മയെ കാറില്‍ കൊണ്ടുപോകുന്നതു
കണ്ടു.രണ്ടു ദിവസം അമ്മ ആശുപത്രിയിലാകുമെന്നു അവന്‍ പറഞ്ഞു..
ആ ദിവസങ്ങളീലും ഞങ്ങള് കളിച്ചു.അവനെയും വിളിച്ചു.

“നിന്റെ അമ്മ എന്നും ആശുപത്രിയിലാണെങ്കില്‍ എന്നും കളിക്കാലോ”?
എന്നാല്‍ അവന് കളിക്കുവാന്‍ താല്പര്യമില്ലാതായി. എല്ലാവര്‍ക്കും അവന്‍ പകര്‍ന്നു
കൊടുത്തിരുന്ന ഉത്സാഹവും നഷ്ടമായി

അവന്റെ ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍?ഞങ്ങള്‍ എപ്പൊഴും അതു ആലോചിക്കും.
എന്തു നല്ല കളിക്കാരന്‍….ഒറ്റക്കു ടീമിനെ ജയിപ്പിക്കും
പഠിക്കുവാനും പരീക്ഷണത്തിനും മിടുക്കനായിരുന്നു….കഴിഞ്ഞ വര്‍ഷം
ഇതുപോലെ ഒരു പന്തുകളിയിലാണ്
അതു സംഭവിച്ചത്……..

അടുത്ത വീട്ടില്‍ ചേട്ടന്മാര്‍ ചില പ്രവര്‍ത്തനങ്ങള് നടത്തീയിരുന്നു.എന്തിനാണെന്നു ഞങ്ങള്‍ക്കു
മനസ്സിലായില്ല എന്നാല്‍ .അവര്‍ സൂക്ഷിച്ചുവെച്ചതില്‍ നിന്നും കളിക്കാനായി ഒരു പന്തു ഞങ്ങള്‍ ആരും കാണാതെ എടുത്തു.

ആരാണു ആദ്യം പന്തു തട്ടുക?ആര്‍ക്കും സംശയമില്ല അവന്റെ ചേട്ടന് തന്നെ.
ഞങ്ങള്‍ എല്ലാവരും നോക്കി നിന്നു
അവന്റെ ചേട്ടന്‍ പന്ത് ലക്ഷ്യത്തിലേക്കു അടിക്കുന്നു.അപ്പോള് എന്താണ് സംഭവിച്ച്ത്?
ഞങ്ങള് ആദ്യമായി ആ കാഴ്ച്ച കണ്ടു.

കളിക്കാരനും കളിപ്പന്തും ഒരു സ്ഫോടനത്തോടെ പൊട്ടിച്ചിതറുന്ന കളി

Tuesday, February 10, 2009

പാഠപുസ്തകങ്ങളില് ഇല്ലാത്തത്…..ചില അരാഷ്ട്രീയ ചിന്തകള്

ജനലിലൂടെ നോക്കുമ്പോള്‍ റോഡിലൂടെ കുട്ടികള്‍ പോകുന്നു.സ്കൂളിലേക്കുള്ള യാത്രയാണ്..വാഹനമില്ലാത്തവര്‍ നടക്കുന്നു.വലിയ ഭാരമുള്ള ബാഗ് വഹിക്കുക പ്രയാസം തന്നെ.ഇവര്‍ വഹിക്കുന്ന ഈ പുസ്തകഭാരം ഭാവിയില്‍ ഒരു ഉദ്യോഗലബ്ധി എന്നതില് ‍ ഉപരി ഒരു നല്ല മനുഷ്യനായി പരിണമിക്കുവാന്‍ നിമിത്തമാകുന്നുണ്ടോ?ഇന്നു സമൂഹത്തിന്റെ നന്മക്കു ആവശ്യമായ ബോധപൂര്‍വ്വ്മായ മാറ്റങ്ങള്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ സംജാതമാക്കുവാന്‍ ഈ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു കഴിയുന്നുണ്ടോ?കുട്ടികളെ വിദ്യാലയത്തില്‍ അയക്കുകയും ഹോംവര്‍ക്കുകള്‍ ചെയ്യിക്കുകയും അതോടെ രക്ഷിതാക്കളുടെ പ്രതിബദ്ധതയും അവസാനിക്കുന്നുവോ?അവരുടെ യാത്ര എന്നെ ചിന്തയുടെ ലോകത്തിലേക്കു കൊണ്ടുപോയി,
മതത്തിന്റെ,രാഷ്ട്രീയത്തിന്റെ,വര്‍ഗ്ഗീയതയുടെ,അന്ധവിശാസത്തിന്റെ,പണത്തിനോ
ടുള്ള അമിതാര്‍ത്തി എന്നിവയുടെ പ്രലോഭനങളിലേക്കു എളുപ്പത്തില്‍ നിലതെറ്റുന്ന തലമുറക്കു ശരിയായ ദിശാബോധം ന്‍ല്‍കുന്നതില്‍ ഇന്നത്തെ വിദ്യാഭ്യാസ കരിക്കുലം അപര്യാപ്തം തന്നെ.എവിടെയാണു നമ്മുടെ വിദ്യാഭ്യാസത്തിന്റെ താത്വികവീക്ഷണം ഗതിമാറിയത്?

ചില പഴയ ബോധന തത്വങ്ങള്‍

വൈദികകാലം മുതല്‍ ഭാരതത്തില്‍ ആദര്‍ശവാദത്തിലൂന്നിയ വിദ്യാഭ്യാസമാണു നല്‍കീയിരുന്നത് .ഭൌതികം,ആത്മീയം എന്നീ രണ്ടു മനുഷ്യഭാവങ്ങളില്‍ ആത്മീയതക്കായിരുന്നു പ്രാമുഖ്യം.വിദ്യാഭ്യാസത്തിലൂടെ ആത്മാവിനെ സ്വതന്ത്രമാക്കുവാന്‍ കഴിയുമെന്നു അവര്‍ വിശ്വസിച്ചു.ലക്ഷ്യം മഹനീയമായിരുന്നു എന്നിരുന്നാലും സ്വതന്ത്രവ്യക്തിത്വവികാസത്തില്‍ അവര്‍ വിശ്വസിച്ചില്ല.ഗുരുകല്പിതവും അടിച്ച്മര്‍ത്തല്‍ രീതിയുംസ്വീകരിക്കപ്പെട്ടതിനാല്‍ മറ്റു സിദ്ധാന്തങ്ങള്‍ അതിനെ രംഗത്തുനിന്നു മാറ്റിനിര്‍ത്തി.റൂസ്സോയുടെ “എമിലി”(emile)
എന്ന കൃതിയില്‍ ശിശു വിദ്യാഭ്യാസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ വ്യക്തമാക്കുന്നു.ബോധനശാസ്ത്രത്തിനു റൂസ്സോയ്യുടെ പ്രകൃതിവാദം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടു.അദ്ധ്യാപനം ഗുരുകേന്ദ്രീകൃതം എന്നതില്‍ നിന്നു ശിശു കേന്ദ്രീകൃതം ആയി മാറ്റിയതു അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണു.
“ പുസ്തകങ്ങള്‍ കത്തിക്കുക,സ്കൂള്‍ ഭിത്തികള്‍ പൊളിക്കുക,ശിശുവിനെ പ്രകൃതിയുടെ വരദാനത്തിനു എറിഞു കൊടുക്കുക“ എന്നു റൂസ്സോ വിളിച്ചു പറഞ്ഞു.ദൈവത്തെ കുറിച്ചും മതത്തെ കുറിച്ചും കൌമാരം വരെ പ്രതിപാദിക്കരുതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
പന്ത്രണ്ടു വയസ്സുവരെ സ്കൂളില്‍ ബന്ധികളായുള്ള വിദ്യാഭ്യാസത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു.

വിദ്യാഭ്യാസത്തിലെ പ്രായോഗികത
ഇപ്പോള്‍ വിദ്യാഭ്യാസ രംഗം അടിസ്ഥാനമാക്കുന്നത് പ്രായോഗികാവാദമാണ്(pragmatism).അത്യുന്നതമായ ആശയങ്ങള്‍ സാക്ഷാത്കരിക്കാനാവില്ലെന്നു തിരിച്ചറിവില്‍ പ്രായോഗികബുദ്ധിക്കു പ്രാധാന്യം നല്‍കിയുമാണു കരിക്കുലം രൂപപ്പെടുത്തുന്നത്.പ്രായോഗികവാദം വെറും മനോഭാവം മാത്രമെന്നും അതൊരു സിദ്ധാന്തമായി അംഗീകരിക്കാനവില്ലെന്നും വിദഗ്ദ്ധര്ക്ക് അഭിപ്രായമുണ്ടു.

താത്വികവീക്ഷണം നഷ്ടപ്പെട്ട രാജ്യം

യഥാര്‍ത്ഥത്തില്‍ ഭാരതത്തില്‍ ഇപ്പോള്‍ സ്വന്തമായ ഒരു ദര്‍ശനത്തിന്റെ അഭാവമാണു പ്രതിഭലിക്കുന്നത്.ആദര്‍ശവാദം,പ്രകൃതി വാദം,പ്രായോഗികാവാദം തുടങ്ങി എല്ലാം ചേര്‍ന്ന ഒരു സങ്കലനവാദം (eccletism) അടിസ്ഥാനമാക്കുന്നുവെന്നു വിദ്യാഭ്യാസ ചിന്തകര്‍ പറയുന്നു.വൈവിധ്യമാര്‍ന്ന സംസ്കാരം,സമൂഹങ്ങള്‍,മതങ്ങള്‍ തുടങ്ങിയ എല്ലാ ഘടകങ്ങളേയും തൃപ്തിപെടുത്തുകയും അസാദ്ധ്യം.ഇതു ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ദിശാബോധം നഷ്ടപ്പെടുത്തുവാന്‍ കാരണമായിട്ടുണ്ടു.സ്വന്തം ദര്‍ശനങ്ങളു കൈമോശം വരികയും പുതിയ ദര്‍ശനങ്ങള്‍ രൂപീകരിക്കാനാവാത്ത അവസ്ഥയില്‍ കരിക്കുലവും വിദ്യാഭ്യാസത്തിന്റെ വിശാല ലക്ഷ്യ്ങ്ങളും പരാജയപ്പെടുന്നതില്‍ അത്ഭുതമില്ല.

കേരളത്തിലെ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ എന്ത് സംഭവിക്കുന്നു ?

ഇന്നു സര്‍ക്കാര്‍ പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് മുറികളില്‍ ബന്ധികളാണ്.അവിടെ കലാ-കായിക-നൃത്ത-സംഗീത പറിശീലനത്തിനു അദ്ധ്യാപകരെ നിയമിക്കുന്നില്ല.നിലവിലുള്ള അധ്യാപരുടെ ഒഴിവില്‍ നിയമനം നടക്കുന്നില്ല.മതത്തിന്റെ,തീ‍വ്രവാദത്തിന്റെ,രാഷ്ട്രീയ അതിപ്രസരത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും കുട്ടികളെ വിമുക്തരാക്കുവാന്‍ സര്‍ഗ്ഗാത്മകതയ്ക്കും കായികവിദ്യാഭ്യാസത്തിനും പ്രാമുഖ്യമുള്ള വിദ്യാഭ്യാസ സംസ്കാരം നിലവില് വരേണ്ടതാണു.
തദ്ദേശസ്വയംഭരണസ്ഥാപങ്ങള്‍, ഡയറ്റ്,എസ്.എസ്.എ തുടങ്ങിയവ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. എന്നാലും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ നേടുന്നത്തില്‍ വിജയിക്കുന്നുണ്ടോ?
നമ്മുടെ അധ്യാപകര്‍ എന്തു ചെയുന്നു?
ഓരോ രാജ്യത്തും അദ്ധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും കാലം ആവശ്യപ്പെടുന്ന ദര്‍ശങ്ങളുമായി വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉണ്ടാകാറുണ്ട്.എന്നാല്‍ ഗാന്ധിജി,വിവേകാനന്ദ്നന്‍,അരവിന്ദു ഘോഷ്,ടാഗോര്‍ എന്നിവര്‍ക്കു ശേഷം സ്വതന്ത്ര ഇന്ത്യയില്‍ ഉദയം ചെയ്തതു കമ്മീഷനുകള്‍ മാത്രം.മാറി മാറി വരുന്ന സര്‍ക്കാറുകളു നിയമിക്കുന്ന കമ്മീഷനുകളുടെ റിപ്പൊറ്ട്ടുകളിലൂടെ വിദ്യാഭ്യാസ നയങ്ങള്‍ രൂപമെടുക്കുന്നു.അതിലുപരി സ്വതന്ത്രവും നിസ്വാര്‍ത്ഥവുമായ ദര്‍ശനങ്ങളും മാര്‍ഗ്ഗരേഖയും അദ്ധ്യാപക സമൂഹത്തില്‍ നിന്നു പോലും ഉണ്ടാകുന്നില്ല.
അദ്ധ്യാപക ക്ലസ്റ്റര്‍ പരിപാടികളില്‍ നൂതന ആശയങ്ങള്‍ക്ക് പകരം ശമ്പള പരിഷകരണവും കേന്ദ്ര പാരിറ്റിയും ചര്‍ച്ച ചെയ്തു സമയം തീര്‍ക്കുന്നു.പങ്കെടുത്ത അദ്ധ്യാപകരുടെ എണ്ണം എടുക്കലാണു മുഖ്യ പ്രവര്‍ത്തനം.
വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതും രാഷ്ട്രീയ മത സംഘടനകളായിരിക്കുന്നു.രാഷ്ട്രിയ മത ചിന്തകള്‍ക്കു അതീതമായ ഒരു വിദ്യാഭ്യാസ താത്വിക വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ എന്നെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടാകുമോ?

Monday, February 2, 2009

ഒരു ബാക്കിപത്രം

പൂതത്തില്‍ നിന്നും ഉണ്ണിയെ തിരികെ വാങ്ങിയ നങ്ങേലി സന്തോഷിക്കുന്നു.എന്നാല്‍ ആ സന്തോഷവും സമാധാനവും തികച്ചും താല്‍കാലികമായിരുന്നു.

"എന്നുണ്ണീ പ്പൂങ്കരളേ പോന്നണയും പൊന്‍ കതിരേ
വണ്ടൊടും വടിവിലെഴും നീലക്കല്ലോലകളില്‍
മാന്തളിരില്‍ പൂവള്ളി ചെറുമുന കോണിണയാല്‍
പൂന്തണലില്‍ ചെറുകാറ്റേറ്റിയിവിടെയിരുന്നെഴുതാലോ
ഓലയെഴുത്താണികളെ കാട്ടിലെറിങ്ങണയൂ‍''

പൂമരച്ചോട്ടില്‍ നിന്നു ഒളിനെയ്യുന്ന കൂടുകാരിയുടെ സ്വപ്നലോക വാഗ്ദാനം വളരുംതോറും ഉണ്ണിയുടെ മനസ്സില്‍ മാറ്റൊലി കൊണ്ടു. ഉണ്ണി വിഷാദിയും നിഷേധിയുമായി മാറുന്നതു നങ്ങേലി അറിയുന്നു.ആ നഷ്ടബോധം ഇല്ലാതാക്കുവാന്‍ നങ്ങേലി തീരുമാനിക്കുന്നു
പൂതപ്പാട്ടിനു ഒരു ബാക്കിപത്രം

ഉണ്ണീ
പൊക്കിള്‍‍ക്കൊടി മുറിച്ച്
നീ നേടിയ സ്വാതന്ത്ര്യം
അമ്മക്കടിയറവ് വേണ്ട
നിന്നെ തിരികെ നേടുവാന്‍
കണ്ണുകള്‍ ചൂഴ്ന്നെടുത്തപ്പോള്‍
സൂര്യചന്ദ്രന്മാര്‍ക്കു ഗ്രഹണമായിരുന്നു
ഇരുട്ടിലും ജ്വലിച്ചു നീ നില്‍കുന്നതു
അമ്മയപ്പോഴും കണ്ടു

എഴുത്താ‍ണിയുമായി
നിന്നെ യാത്രയാക്കിയത്
ഗുരുവരങ്ങള്‍ക്കായിരുന്നു
എന്നാല്‍ നീ തേടിയത്
ആനന്ദത്തെ
സ്വപ്നകാഴ്ചകളെ
ആകാശയാത്രയെ
ഓമല്‍കിനാവുകളെയല്ലേ?

നിന്‍ ബാല്യ
കൌമാരയൌവന
ജ്വരസ്വപ്നങ്ങള്‍ക്കു
മിഴിയേകുവാനായി
താംബൂലവും സൌഗന്ധികങ്ങളുമായി
പൂമരച്ചോട്ടിലെ കളികൂട്ടുകാരി
അമ്മയില്ലാത്ത മാസ്മരികലോകത്തിലേക്കു
നിനക്കു വഴി തുറക്കട്ടെ
വിഷാദം വെടിഞ്ഞു പിന് വിളികള്‍
പൊട്ടിച്ചു യാത്രയാവുക

നിനക്കു തരാം
കവിളിലൊരുമ്മ
ഹൃദയത്തില്‍ രക്തം
നെറ്റിയില്‍ ചന്ദനം
മനസില്‍ കനിവ്
യാത്രയിലിതു കൂട്

എങ്കിലും
അമ്മ മനസ്സു മന്ത്രിക്കുന്നു
ഒന്നുമറിയാതെ വല്‍മീകത്തിനകത്ത്
ആത്മജ്ഞാനം നേടിയ അമ്മ
പിറവിയുടെ ദൌത്യത്തിനായി
നിയോഗിക്കപ്പെട്ടവള്‍
ഒരേ സമയം ജ്ഞാനിയും
ബന്ധിയുമായ അമ്മ
പറയുന്നു നീ
തിരിച്ചു വരും

മായിക ലോകത്തിലെ
മയക്കങ്ങളും അര്‍ദ്ധമയക്കങ്ങളും
വിട്ടു നീയുണരുമ്പോള്‍
തിരികെയെന്‍ ഗര്‍ഭപാത്രത്തില്‍
ഒളിക്കുവാന്‍ കൊതിക്കും

ഉണ്ണീ
തിരികെവന്നു
ഒരിറ്റു നീ‍ര്‍
കറുകയില്‍ തെളിക്കണം
ഒരു ഉരുള അന്നം
കാക്കക്കു വിതറണം
ദര്‍ഭയാല്‍ മോതിരമണിഞ്ഞ
വിരല്‍ നെഞ്ചില്‍ തൊട്ടു
"അമ്മ"യെന്നു ഒരിക്കല്‍
ധ്യാനിക്കണം
അന്നാളിലമ്മയും
സ്വതന്ത്രയായി
അനന്തതയില്‍
ലയിക്കും

പിന് വിളികള്
ദുര്ബലമാകുന്നുവോ?
യാത്രയാവുക
"കേള്‍ക്കുന്നില്ലേ തുടികൊട്ടും
കലര്‍ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍"