Saturday, January 24, 2009

ഉയിര്‍ത്തെഴുന്നേല്‍പ്പ്

നീയെന്റെ മിഴിയില് പ്രകാശം
പതിപ്പിച്ചപ്പോള്‍
ഞാന്‍ സൂര്യനെ കണ്ടു
എന്നാല്‍ നീ യെന്റെ മൃത്യുവിന്‍
സാക്ഷ്യ്ങള്‍ തേടുകയായിരുന്നു

നീയെന്റെ കയ്യില്‍ പിടിച്ചപ്പോള്‍
ജീവിതത്തിലേക്കാണെന്നു
ഞാന്‍ നിനച്ചു എന്നാല്‍
നീ‍യെന്റെ കൈയില്‍ രക്ത ധമനിയില്‍
സ്പന്ദനമളന്നു മരണവേഗം കുറിച്ചു

നീയെന്‍ നെഞ്ചില്‍ തല ചായ്ച്ചപ്പോള്‍
എന്റെ ഹൃദയത്തിന്‍ താളമറിയുവാനെന്നു
ഞാന് വിചാരിച്ചു
എന്റെ ഹൃദയം നിലച്ചുവെന്നും
ഞാന്‍ മരിച്ചതായും നീ വിധിയെഴുതി

മരണം തെളിയിക്കുവാന്‍
എന്നെ നീ അവര്‍ക്കു നല്‍കി
അവരെന്റെ നെഞ്ചു പൊളിച്ചു
രക്തത്തിന്‍ രുചിനോക്കി,
തലയോടു പിളര്‍ന്നു ചിന്താകോശങളില്‍
മൃത്യു വാസന കണ്ടു
വയറില്‍ വിഷപൂക്കള്‍ തിരഞു

എന്നെ ഞാന്‍ തന്നെ കൊന്നുവെന്നു
വിധിച്ചു പെട്ടിയിലാക്കി
ചുവന്ന മണ്ണിന്നടിയിലടക്കി
തിരിച്ചുപോയി

മൂന്നാം നാള്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു
എന്നരുകില്‍ വന്നവര്‍ അത്ഭുതപ്പെട്ടു
സ്ത്രീകള്‍ക്കു ആത്മാവ് ഉണ്ടെന്നും
അതൊരുനാള്‍ ഉയിത്തെഴുന്നേല്‍ക്കുമെന്നും
ഒരു പ്രവാചകനും അറിയിച്ചിട്ടില്ലായിരുന്നു

ഞാനവര്‍ക്കു എന്റെ കയ്യിലെ നെഞ്ചിലെ
ആണിപ്പഴുതു കാണിച്ചു
മുറിവിലെ രക്തത്തില്‍ വിരല്‍തൊട്ടു
സത്യത്തെയറിയുക
ഇതൊരു കുരിശുയാത്രതന്‍ അന്ത്യം
വീണുപിടഞൊരാ‍ര്‍ദ്ധജീവന്റെ-
യവസാന ശ്വാസം

Friday, January 9, 2009

തമസ്കരണം

"ഓര്‍മ്മ വരാറുണ്ടെനിക്കു
മണലിലിരുന്നും കിടന്നും
നമ്മള്‍ പങ്കിട്ട സ്വകാര്യമാം സന്ധ്യയെ,
എത്ര വലിച്ചെറിഞാലും തിരിച്ചെത്തുന്നൊരാ-
സന്ധ്യയെ…."ആറ്റൂര്‍ (കര-തിര)



നിശുന്യമായ എന്റെ ജീവിതം നിന്നില്‍ നിന്നും പകര്‍ന്ന ബാഷ്പബിന്ദുക്കള്‍ക്കു ഞാനെന്നെ സമര്‍പ്പിക്കട്ടെ.വെറും വഴിപോക്കരായി കണ്ടുമുട്ടി ഒരു വരണ്ട ചിരി മായ്ച്ചുകളഞു തിരിഞുനടക്കുവാന്‍ നമുക്കു മടിയില്ലാതെയായിരിക്കുന്നു.കീറികളയുവാന്‍ എനിക്കു തന്ന കുറിപ്പു എന്റെ ഉള്ളം കയ്യില്‍ ഇന്നും പാറികളിക്കുന്നു.അതിലെ വികാരമെന്തെന്നു ഊഹിക്കുമ്മ്പോള്‍ ചേതനയെ നിര്‍വീര്യമാക്കുന്ന ഒരു തണുപ്പ് എന്നെ വലയം ചെയ്യുന്നു.അതെ, ദുര്‍വിധികളൊക്കെ ചുമന്നുകൂട്ടുന്ന സമയം
തീ പൊള്ളും പകലും മയക്കമില്ലാത്ത രാത്രികളും.ഞനെങിനെ എന്നെ സഹിക്കുന്നു….

ഇരുട്ടില്‍ ഇക്കൊടും ഇരുട്ടിലെന്റെ
വാതില്‍ക്കല്‍ നീ പതിയെ നടക്കുന്നു
നീയെന്റെ വതില്‍ മുട്ടി വിളിക്കുന്നു
പാതിയുറക്കത്തില്‍ നിന്നൊരു
കിനാവു പോലെ ഞെട്ടിയെഴുന്നേറ്റു
വാതില്‍ തുറക്കവേ നിന്‍ കാലൊച്ച
യെന്നിടനാഴിക്കപ്പുറമൊരു കാണാ-
ക്കിനാവായി മറഞു..

ഒരു നീണ്ട വന്ധ്യമാം നിദ്രയിലെപ്പൊഴോ
കേള്‍ക്കുന്ന പാദസ്വനങളെയൊരു
സ്വപ്നമായി പോലും തിരിചറിയുന്നില്ല
തെളിമയില്ലാത്തൊരുണര്‍വ്വിലും
നിന്‍ നിഴലിന്നവസാന കാഴ്ച്ചയും
മാഞുപോകുന്നതു കണാനശക്തയായി
ഇടറിയ വിരലെന്‍ വാതില്പപടികളില്‍
മുറുകെ പിടിച്ചു ഞാനുണറ്ന്നു നിന്നു

ഈയൊരു സത്യമാം വേര്‍പാടിലും
നീയെന്‍ കിനാവില്‍ തുടിച്ചു നില്‍ക്കെ
യെന്‍ കഴുത്തില്‍ ചുറ്റിവരിഞ നിന്‍
കയ്യുകള്‍തന്‍ സ്നിഗ്ദ്ധമാം ചലനങളും
നിന്‍ തെളിഞ മിഴിയില്‍ നിന്നു
ഞാന്‍ തൊട്ട പ്രകാശമീ രാത്രിയി-
ലെന്റെ കണ്ണില്‍ തിളങുന്നതും ഞാനറിഞു
കേവലമൊരു മാത്രയിരുട്ടിലീ വായുവില്‍
മധുരിക്കും നിന്‍ ഉച്ഛ്വാസവായുവിന്‍ സ്പര്‍ശം
രാത്രിതന്‍ ക്രൂരമാം പാതയിലൊരു കരിങ്കടലായ്
മറഞ നിന്നാര്‍‍ദ്ര സ്മരണകള്‍

എന്റെ കണ്‍പൊത്തി വെളിച്ചം മറക്കുന്ന
നിന്‍ കയ്യുകളിന്നലെയൊരു വീശലുപോലും കാണാതെ
എന്നിടറിയ കാല്‍ വെപ്പിന്‍ മുന്നില്‍
ഒരു കരിങ്കടലായിനീ ഇരുട്ടിലലിഞുവോ

എനിക്കില്ലൊരുകൂട്ടു കയ്യുപിടിച്ചു
നടത്തീ രാത്രിയില്‍ രാക്കാറ്റിലുലയുന്ന
പുടവത്തുമ്പില്‍ തൊടീപ്പിക്കാന്‍
നിന്റെ നീണ്ട വിരലും നഖങളും
ഒരു ക്രൂരസ്മരണയായി നുള്ളിനോവിക്കുന്നു

രാത്രിയാണു
ചേതനെയെല്ലാം മരവിപ്പിക്കും തണുപ്പ്
എന്റെ മിഴികളില്‍
തോരാത്ത കൂരിരുട്ടും

Thursday, January 1, 2009

"വിഷാദദേവി" ടീചറ്…ഒരു ഓര്‍മ്മകുറിപ്പ്



"ഒരു സൂര്യനുദിക്കും നിഴലായിട്ടമ്പിളി വിളങും-
വളരും വനമോടികാളാടി തെളിയും,
വനമൂര്‍ച്ഛയില്‍ ദു:ഖം തകരും
ഞാനന്നു ചിരിക്കും…."
ഈ വരികള്‍ പാടിയാണു റ്റീചരുടെ ആദ്യത്തെ ക്ലാസ്സ് ആരംഭിക്കുന്നത്.ആരുടെയാണീ വരികള്‍? എനിക്ക് ഓര്‍മമയില്ല. വര്‍ഷങള്‍ക്കു മുമ്പു ഒരു വനിതാകോളേജിന്റെ പ്രീഡിഗ്രീ ക്ലാസ്സ്……അധികം കുട്ടികളും ഹിന്ദിയാണ്‍ സെക്കണ്ട് ലാംഗേജു .മാര്‍ക്കു കൂടുതല്‍ കിട്ടുവാന്‍ അതാണു നല്ലതു.ഞങള്‍ കുറച്ചു മലയാളികള്‍ മാത്രം. ആ ക്ലാസിലേക്കാണു ടീചര്‍ വന്നത്.
ഇരുനിറം,വലിയ കണ്ണുകള്‍, ചുരുണ്ട മുടി,ചിരിയില്ലാത്ത ശോകഭാവം...ടീച്ചര്‍ ഞങളെ ഏതോ വിഷാദയോഗത്തിലേക്കു കൊണ്ടുപോയി.പരിചയപ്പെടലിന്റെ നിരര്‍ത്ഥകതയെ കുറിച്ചാണു സംസാരിച്ചത്.ആരോടും പേരു ചോദിചില്ല.പിന്നെ ബോര്‍ഡില്‍ ഒരു വാക്ക് എഴുതി "വൈഖരി" അര്‍ത്ഥമറിയുന്നവര്‍ പറയൂ? പലരും നദി എന്നു ഉത്തരം അവസാനം വാക്കു എന്നു ഒരു ഉത്തരം പറഞയാളുടെ പേരു ടീച്ചര്‍ ചോദിച്ചു.ഞങള്‍ ആ കുട്ടിയെ അസൂയയോടുകൂ‍ടി നോക്കി.പിന്നെ പിന്നെ ഞങള്‍ ടീച്ചരുടെ ക്ലാസിനു എന്നും കാത്തിരിക്കാന്‍ തുടങി.
ഞങളുടെ കാരണവും പരിഹാരവുമില്ലാത്ത ദു:ഖങള്‍…അതിനു ഒരു കാല്പനിക പരിവേഷം ടീച്ചര്‍ ന്‍ല്‍കി.ടീച്ചരുടെ ചിരി എവിടെയാണു നഷ്ടപെട്ടതു എന്നു തിരക്കി ഞങളന്നു കഥകള്‍ എഴുതി..പ്രണയ നൈരാശ്യം മുതല്‍ സാഹിത്യം വട്ടു പിടിച്ച് എന്നു പതുക്കെ അടക്കം പറഞു.ഞങള്‍ ടീച്ചറിനെ വളരെ ഇഷ്ടപ്പെട്ടിരുന്നു.
അവിവാഹിതയാണെങ്കിലും ടീച്ചറുടെ സീമന്തരേഖയില്‍ അണിഞിട്ടുണ്ടായിരുന്ന സിന്ധൂരം….അതു ഞങള്‍ അത്ഭുത്തോടെ നോക്കി.
" നിങളുടെ മനസ്സിലെ എല്ലാ ശൂന്യതയേയും അകറ്റുവാന്‍ ഞാന്‍ വഴി പറഞുതരാം" ടീച്ചര്‍ പറയുന്നു…"നിങള്‍ ഒരാളെ സ്നേഹിക്കൂ… സ്നേഹം ശൂന്യതയെ ഇല്ലാതാക്കും" ദു:ഖത്തെ സ്നേഹിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന ടീച്ചറെ ഞങളുടെ കൌമാരമനസ്സിനു ആരാധനയായിരുന്നു..
ഞങളുടെ എല്ലാ സന്തോഷങളും ഇല്ലാതാക്കുന്ന ഒന്നാണു വര്‍ഷാവസാനം ടീച്ചര്‍ അറിയിച്ചതു..ടീച്ചര്‍ പോകുന്നു…യൂണിവെഴ്സിറ്റിയില്‍ പി.എച്.ഡി രജിസ്റ്റര്‍ ചെയതു…വിഷയം "മലയാള സാഹിത്യത്തിലു മ്റ്ത്യുവിന്റെ സാന്നിധ്യം"

മരണത്തെയും ദുഖത്തേയും ഉപാസിച്ച എന്റെ ടീച്ചര്‍ ഇപ്പോള്‍ എവിടെയാണു?
കാരണവും പരിഹാരവും ഇല്ലാത്ത കാല്പനിക ദു:ഖത്തില്‍ നിന്നും ജീവിതത്തില്‍ എത്തിയപ്പോള്‍ ദു:ഖിക്കുന്നതിനും കാരണങള്‍ കിട്ടി.എല്ലാം പരിഹരിക്കുവാന്‍ കഴിഞില്ലെങ്കിലും നെഞ്ചില്‍ നീറുന്ന ഒരു പച്ചകുത്തായി ദു:ഖത്തെ ആസ്വദിക്കുവാന്‍ പഠിപ്പിച്ച ടീച്ചറിന്റെ ചിത്രം മനസ്സില്‍ തെളിയും…